കോഴിക്കോട്: നിയമം വഴി മാത്രം മാലിന്യസംസ്‌കരണം ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും ഉറവിട മാലിന്യ സംസ്‌കരണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗത്ത് ബീച്ചില്‍ പാഴ് വസ്തു ശേഖരണകൂടകള്‍ സ്ഥാപിക്കലും ശുചിത്വ ആപ്പ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വീടുകളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കാനുള്ള ബൃഹദ്പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. മാലിന്യമില്ലാത്ത വീടുകള്‍, മാലിന്യമുക്തമായ പരിസരം, പകര്‍ച്ചവ്യാധികളില്ലാത്ത കേരളം ഇതാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലും വ്യക്തിശുചിത്വത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് മലയാളികള്‍ എന്നാല്‍ പരിസര ശുചിത്വത്തിലും മാലിന്യസംസ്‌കരണത്തില്‍ പലരും ഈ സമീപനം കാണിക്കുന്നില്ല. മാലിന്യങ്ങള്‍ വഴിയോരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നു മന്ത്രി പറഞ്ഞു.മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ബീച്ചിലെ 1200 മീറ്റര്‍ നീളത്തില്‍ 13 പാഴ് വസ്തു ശേഖരണ കൂടുകളാണ് സ്ഥാപിച്ചത്. ലയണ്‍സ് ക്ലബ്ബാണ് ഇവ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ ബീച്ച് ശുചീകരണത്തിനിറങ്ങും. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മാലിന്യവുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി കോര്‍പറേഷന്‍ വാട്ട്സ്ആപ്പ് നമ്പറും ചടങ്ങില്‍ പുറത്തിറക്കി. ജലാശയങ്ങള്‍, പൊതുവഴി എന്നിവിടങ്ങളിലെ മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കല്‍ തുടങ്ങി മാലിന്യവുമായി ബന്ധപ്പെട്ട പരാതികള്‍ 9400394497 എന്ന നമ്പറില്‍ ജനങ്ങള്‍ക്ക് ഫോട്ടോ സഹിതം അയക്കാം. രണ്ട് ദിവസത്തിനുള്ളില്‍ ഇത് പരിശോധിച്ച് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിച്ച് പിഴ ഈടാക്കും. അതിലെ 15 ശതമാനം വിവരം നല്‍കിയ വ്യക്തിക്ക് നല്‍കും. പരിപാടിയുടെ ഭാഗമായി ശുചിത്വ ബോധവല്‍കരണ ലഘുലേഖകളുടെ വിതരണവും നടത്തി.

ജില്ലാ കളക്ടര്‍ സാംബശിവ റാവു, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കബനി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ. എന്‍ സിജേഷ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. എസ് രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രീയ വിദ്യാലയ രണ്ടിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ക്രിസ്ത്യന്‍ കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.ടി.ഐ വിദ്യാര്‍ത്ഥികളും ശുചീകരണ യഞ്ജത്തില്‍ പങ്കാളികളായി.