കുരുവട്ടൂർ: ജില്ലാ ഭരണകൂടത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗ്രീൻ പാർട്ട്ണർ ഇനീഷിയേറ്റീവ് പദ്ധതിക്ക് കുരുവട്ടൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച തുടക്കമായി. ജില്ലാ കളക്ടർ സാംബശിവ റാവു പൂനൂർ പുഴയോരത്ത് മുള തൈ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ, പുഴകൾ, തോടുകൾ തുടങ്ങിയവ വിവിധ സംഘടനകൾ, ക്ലബുകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും സംരക്ഷണം ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് ഗ്രീൻ പാർട്ണർ ഇനീഷിയേറ്റീവ്. ജില്ലാ കളക്ടറുടെ താത്പര്യ പ്രകാരം ആവിഷ്‌കരിച്ച പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ളവർക്കും പങ്കാളികളാകാം.
കുരുവട്ടൂർ പഞ്ചായത്തിലൂടെ മൂന്ന് കിലോ മീറ്റർ ഒഴുകുന്ന പൂനൂർ പുഴയുടെ ശുചീകരണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കിഴക്കാൽക്കാവ്, പെര എന്നീ രണ്ട് റസിഡൻസ് അസോസിയേഷനുകൾ ഏറ്റെടുത്തു. പുഴയുടെ തീരം മുഴുവൻ മുള വച്ച് പിടിപ്പിക്കും.
പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടൻ, വാർഡ് മെമ്പർ കെ.സി ഭാസ്‌ക്കരൻ, സുരേഷ് ബാബു, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ രാജേഷ്, റസിഡൻസ് അസോസിയേഷനിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.