 1, 12 വാർഡുകൾ മാതൃക

 വാർഡ്തലത്തിൽ ക്ലസ്റ്ററുകൾ

 വീടുകൾക്ക് കളക്‌ഷൻ കാർഡ്

കുറ്റ്യാടി: കിഴക്കൻ മലയോരത്തെ മാതൃകാ ശുചിത്വ പഞ്ചായത്തായി കുറ്റ്യാടിയെ പ്രഖ്യാപിക്കാനുള്ള ഗ്രീൻ ക്ലീൻ കുറ്റ്യാടി പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ജനകീയയജ്ഞം.

മാലിന്യ നിർമാർജ്ജന പരിപാടികളിൽ ജനപ്രതിനിധികൾക്കു പുറമെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, അദ്ധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരെല്ലാം പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്ണൻ മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് കെ സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി സതീശൻ, പി സി രവീന്ദ്രൻ, ഇ കെ നാണു, വി പി മൊയ്തു, എ ടി ഗീത, ആയിഷ ഹമീദ്, ജോൺസൺ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ഹരിത കേരളാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മാതൃകാ വാർഡുകളായി തിരഞ്ഞെടുക്കപ്പെട്ട 1, 12 വാർഡുകളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം പൂർത്തിയാക്കിയതോടെ വാർഡുതല ചുമതലകൾ ഏല്പിച്ചു. വാർഡുതലത്തിൽ 30 മുതൽ 40 വരെ വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചു.

ഹരിതസേനകൾ പുന:സംഘടിപ്പിച്ചതിനൊപ്പം സ്പെഷൽ ശുചിത്വ ഗ്രാമസഭകൾ സംഘടിപ്പിച്ചു. അജൈവ മാലിന്യങ്ങൾ തരംതിരിക്കാനും വിൽപന നടത്താനും ഹരിതസേനാംഗങ്ങളെ ചുമതലപ്പെടുത്തി. ഇതിനായി വീടുകളിൽ നിന്ന് 50 രൂപയും കടകളിൽ നിന്ന് 100 രൂപയും

യൂസർ ഫീ ഈടാക്കാനും തീരുമാനിച്ചു.

മാലിന്യങ്ങൾ ശേഖരിക്കുന്ന കണക്ക് രേഖപ്പെടുത്താൻ വീടുകൾക്ക് കളക്‌ഷൻ കാർഡുകൾ നൽകും. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗാർഹിക മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സംവിധാനം ഒരുക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കുറ്റ്യാടി ടൗണിനെ 8 ഭാഗങ്ങളായി തിരിച്ച് എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഓൺലൈൻ സർവേ നടത്തിയിരുന്നു.

യൂസർ ഫീ

വീടുകൾക്ക്

50 രൂപ

കടകൾക്ക്

100 രൂപ