മുക്കം: മുക്കം നഗരസഭയിൽ പഴം - പച്ചക്കറി കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇനി കെട്ടിക്കിടന്ന് ചീഞ്ഞുനാറാൻ ഇടയാവില്ല. ജൈവ അവശിഷ്ടങ്ങൾ സംസ്കരിച്ച് വളമാക്കുന്നതിനുള്ള ഏറോബിക് പാർക്ക് നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനമാരംഭിച്ചു. ജൈവ മാലിന്യങ്ങളും കരിയിലയും ചേർത്ത മിശ്രിതത്തെ ബാക്ടീരിയ മിശ്രിതം വഴി കമ്പോസ്റ്റ് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

മണ്ണുത്തി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ബാക്ടീരിയ മിശ്രിതമാണ് ഇതിന് ഉപയോഗിക്കുന്നത്. തൊണ്ണൂറ് ദിവസത്തിനകം കമ്പോസ്റ്റിംഗ് പൂർത്തിയാകും. ഒന്നര ടൺ ജൈവ മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് ബസ് സ്റ്റാൻഡിൽ പ്രവർത്തനമാരംഭിച്ചത്. പ്ലാന്റിൽ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ച് പരിപാലിക്കുന്നതിന് പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്.

മുക്കം പുതിയ ബസ് സ്റ്റാന്റ്, ഹെൽത്ത് സെന്റർ, നീലേശ്വരം മണാശേരി സ്ക്കൂളുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച പ്ലാന്റുകളും ഉടൻ പ്രവർത്തനസജ്ജമാകും. ഏറോബിക് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളമിഷൻ ജില്ല കോ-ഓർഡിനേറ്റർ പ്രകാശൻ ഹരിതപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ കൗൺസിലർമാരായ മുക്കം വിജയൻ , അബ്ദുൽ അസീസ് , പി.ടി ബാബു, പി. ബ്രിജേഷ് കുമാർ, ഓർഫനേജ് സ്ക്കൂൾ പ്രിൻസിപ്പൽ ബിനി എന്നിവർ സംസാരിച്ചു . നഗരസഭ സെക്രട്ടറി എൻ കെ ഹരിഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ മധുസൂദനൻ നന്ദിയും പറഞ്ഞു.