കൊടിയത്തൂർ: നാളികേര വികസന ബോർഡ് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്ന് തെങ്ങ് പുതു കൃഷി ക്യാമ്പയിൻ സംഘടിപ്പിച്ചു. നിലവിൽ പുതുതായി തെങ്ങിന് തൈ നട്ട കർഷകർക്ക് നാളികേര വികസന ബോർഡ് സബ്‌സിഡിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന ക്യാമ്പ് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ എരഞ്ഞിമാവിലുള്ള ഹെഡ്ഓഫീസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ചുരുങ്ങിയത് പത്തിൽ കൂടുതൽ തെങ്ങിൻ തൈകൾ വെച്ച വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഇരുന്നൂറിൽപരം കേര കർഷകരാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ വെച്ച് കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു.
ബാങ്ക് ഡയറക്ടർ എ.സി. നിസാർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ സഹകരണ സംഘം അസി. രജിസ്ട്രാർ (പ്ലാനിംഗ്) എ.കെ. അഗസ്തി ഉദ്ഘാടനം നിർവ്വഹിച്ചു .നാളികേര വികസന ബോർഡ് അസി. ഡയറക്ടർ കെ.എസ്. സെബാസ്റ്റ്യൻ, നാളികേര വികസന ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ ജയശ്രീ. എസ്. എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. കൃഷി ഓഫീസർ ഫബിത. കെ.ടി, ബാങ്ക് ഡയറക്ടർമാരായ വി.കെ. അബുബക്കർ, സന്തോഷ് സെബാസ്റ്റ്യൻ, അസ്മാബി പരപ്പിൽ, സിന്ധുരാജൻ, റീന ബോബൻ, അസി. സെക്രട്ടറി കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, സി. ഹരീഷ് നന്ദിയും പറഞ്ഞു.