ഹോട്ടൽ അടപ്പിച്ചു
ബാലുശ്ശേരി: ഭക്ഷ്യവിഷബാധയേറ്റ് 11 ഐ.ടി.ഐ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി മുക്കിലെ കെ.സി. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് വിഷബാാധയേറ്റത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചു.
ഹോട്ടലിൽ നിന്നു പൊറാട്ടയും കറിയും കഴിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഭിനന്ദ് കക്കോടി, അക്ഷയ് കൊടുവള്ളി, സോനു നിഗം അമ്പലപ്പാട്, സുഹൈസ് അടിവാരം, അജ്മൽ താമരശ്ശേരി, മിഥുൻ തോമസ് വയലട, വിഷ്ണു കുരുവട്ടൂർ, അനന്തു സാഗർ നന്മണ്ട എന്നിവരടക്കം 11 പേരാണ് ചികിത്സ തേടിയത്. ഇവരെ വൈകിട്ട് ഡിസ്ചാർജ്ജ് ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സി.രാധാകൃഷ്ണൻ ,ജെ.എച്ച്.ഐ.മാരായ ആർ.ഷാജു, യൂസഫ്, രാജേഷ്, ലതിക (എൻ.എച്ച്) ഫുഡ് സേഫ്റ്റി ഓഫീസർ എന്നിവർ സ്ഥലം പരിശോധിച്ചു. ഭക്ഷ്യസാമ്പിൾ പരിശോധനയ്ക്ക് അയച്ചു.