# നിലവിൽ പുലിമുട്ടിന്റെ നീളം:

തെക്ക് ഭാഗം: 750 മീറ്റർ,

വടക്ക് ഭാഗം: 530 മീറ്റർ

കോഴിക്കോട്: വെള്ളയിൽ ഹാർബർ നവീകരണത്തിന് വീണ്ടും വഴിതെളിയുന്നു. ഹാർബർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ പുലിമുട്ടിന്റെ നീളം കൂട്ടാൻ 22.53 കോടി രൂപയാണ് നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ചത്.

നിലവിലുള്ള പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കും. 750 മീറ്റർ നീളമുള്ളിടത്ത് 490 മീറ്റർ കൂടി കൂട്ടാനാണ് തീരുമാനം. തെക്കുഭാഗത്തെ പുലിമുട്ടിനാണ് നീളം കൂട്ടുക. വടക്ക് ഭാഗത്തെ പുലിമുട്ടിന് 530 മീറ്റർ നീളമാണുള്ളത്. സർക്കാർ അനുമതി ലഭിച്ചതിനാൽ ടെൻഡർ നടപടികൾ ഉടൻ ഉണ്ടാവും. ഹാർബറിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സംഘത്തിന്റെ നിർദേശപ്രകാരമാണ് പുലിമുട്ടിന്റെ നീളം കൂട്ടുന്നത്.

നഗരത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്നത് വെള്ളയിൽ ഹാർബറിനെയാണ്. എന്നാൽ ഇവിടെഅടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. പുലിമുട്ട് നിർമാണത്തിലെ അപാകതകൾ കാരണം തിരമാലകളിൽ പെട്ട് വള്ളങ്ങൾ കരിങ്കല്ലിലും മറ്റും തട്ടി കേടുപാടുകൾ വരുന്നതും സ്ഥിരമാണ്. പുലിമുട്ടിന്റെ നീളം കൂട്ടുകയാണ് ഇതിന് പരിഹാരമെന്ന് നിരവധി തവണ മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയായിരുന്നില്ല.

ഹാർബറിന്റെ തുടർ നിർമാണത്തിനായി കിഫ്ബിയെ സമീപിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അതോടൊപ്പം പുലിമുട്ടിന്റെ നവീകരണത്തിനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്താൻ 15.30 കോടി രൂപയുടെ എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നു. ഇത് കേന്ദ്രത്തിന് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് മന്ത്രി മേഴ്സിക്കുട്ടിയുടെ നിർദേശപ്രകാരം എസ്റ്റിമേറ്റ് പുതുക്കി നൽകുകയായിരുന്നു. ആറുകോടി രൂപ ചെലവിൽ ഹാർബറിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് , കോമ്പൗണ്ട് വാൾ, പാർക്കിംഗ് ഏരിയ, ഡ്രൈയിനേജ് , റോഡ്, ചുറ്റുമതിൽ എന്നിവയുടെ നിർമാണം നടന്നു വരികയാണ്.