നടപ്പാക്കുന്നത് 116.5 കോടിയുടെ അമൃത് പദ്ധതി

23നെതിരെ 46 വോട്ടുകൾക്ക് അജണ്ട പാസായി

കോഴിക്കോട്: ടെൻഡർ നടപടികളിലേക്ക് കടന്ന കോതി, ആവിക്കൽ തോട് സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പദ്ധതിരേഖയ്ക്ക് കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി. അമൃത് പദ്ധതി പ്രകാരം 116.5 കോടി ചെലവിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് വോട്ടിനിട്ടാണ് പദ്ധതി രേഖ കൗൺസിൽ അംഗീരിച്ചത്. യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചാണ് അജണ്ടയെ എതിർത്തത്.

നഗരം നേരിടുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതി നഷ്ടപ്പെടുത്താനാകില്ലെന്ന് ഭരണപക്ഷം നിലപാടെത്തപ്പോൾ നടപടി ക്രമങ്ങൾ പാലിക്കാത്ത പദ്ധതി രേഖ അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. കൗൺസിലിന്റെ അംഗീകാരത്തിന് മുമ്പേയാണ് തുടർനടപടികളുണ്ടായയെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

@ നടപടി ക്രമങ്ങൾ പാലിക്കാതെ

റാം ബയോളജിക്കൽസ് തയ്യാറാക്കിയ പദ്ധതി രേഖ കോർപ്പറേഷൻ കോർ കമ്മറ്റി അംഗീകരിച്ചു. എന്നാൽ നടപടി ലംഘിച്ച് കൗൺസിലിന് മുന്നിൽ അംഗീകാരം തേടാതെ സർക്കാരിലേക്ക് അയക്കുകയുമായിരുന്നു. ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാനതല ഹൈപ്പവർ സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതി അംഗീകരിച്ചു. സംസ്ഥാനതലത്തിലുള്ള സാങ്കേതികസമിതി ഇതിന് അനുമതി നൽകി. തുടർന്ന് ടെണ്ടർ നടപടിയിലേക്ക് കടക്കുകയായിരുന്നു. കൗൺസിൽ അംഗീകരിക്കണമെന്ന നടപടി ക്രമം പാലിക്കാനായാണ് അജണ്ട ഇന്നലെ കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചത്.

ദുരൂഹ സാഹചര്യത്തിൽ പദ്ധതി അംഗീകരിക്കാനാകില്ല. എവിടെയാണ് പ്ലാന്റ് നിർമിക്കുന്നതെന്ന് തന്നെ വ്യക്തമല്ല. അതുകൊണ്ട് പദ്ധതിയെ എതിർക്കുന്നു...... സി അബ്ദുറഹിമാൻ മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ

നഗരത്തിലെ മാലിന്യ പ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകുന്നതാണ് പദ്ധതി. 116.5 കോടിയുടെ കേന്ദ്രസഹായത്തടെയുള്ല പദ്ധതി നഷ്ടപ്പെടുത്താൻ ആകില്ല......... എം.സി. അനിൽകുമാർ ( നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ)

ആരെയും വിശ്വാസത്തിലെടുക്കാതെ പദ്ധിതി നടപ്പാക്കാനാകില്ല. കൂടുതൽ ചർച്ച നടത്തേണ്ടതുണ്ട്....... നമ്പിടി നാരായണൻ ( ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ)

പദ്ധതിയുടെ വിശദാംശങ്ങൾ ഡി.പി.ആറിൽ ഉണ്ട്. കൂടുതൽ ചർച്ച ആവശ്യമില്ല. സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി പദ്ധതി ഉപേക്ഷിക്കാനാകില്ല. നമ്മുടെ മക്കളുടെ കാലത്തെങ്കിലും മാലിന്യ പ്രശ്നം പരിഹരിക്കേണ്ടേ.... തോട്ടത്തിൽ രവീന്ദ്രൻ (മേയർ)