വടകര: കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ് വടകര മേഖല സബ് സെന്റര്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യായവില ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ പച്ചക്കറി ലഭ്യമാക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ് കേന്ദ്രത്തിലെത്താനുള്ള ഗതാഗത ചെലവും സമയനഷ്ടവും പരിഹരിക്കാന്‍ വടകര മേഖല സബ് സെന്റര്‍ നിലവില്‍ വന്നതോടെ സാധ്യമാകും. ഈ മേഖലയിലെ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പച്ചക്കറി വിലക്കുറവില്‍ ഗുണമേന്മയോടെ നല്‍കാനാകും. കോഴിക്കോട്, തൃശ്ശൂര്‍ നഗരങ്ങളില്‍ ശുദ്ധമായ തേന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തും. ഹോര്‍ട്ടി കോര്‍പ് പച്ചക്കറിയുടെ മാര്‍ക്കറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ് വടകര മേഖല സബ് സെന്റര്‍ കൂടാതെ ചില്ലറ വില്‍പന സ്റ്റാളും തുടങ്ങാന്‍ നടപടി സ്വീകരിക്കും. പൂര്‍ണമായും വിഷരഹിത പച്ചക്കറി നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. അത് വിജയത്തിലെത്തുന്നുണ്ട് .കുറ്റ്യാടി നാളികേരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന്റെ വിപണനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളും നടത്തും. നമ്മുടെ നാട്ടില്‍ ചക്കയും, മാങ്ങയുമൊക്കെ ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുന്ന അവസ്ഥയുണ്ട്. അവയ്ക്കും നല്ല നിലയിലുള്ള വിപണന മാര്‍ഗം ഹോര്‍ട്ടി കോര്‍പ് ഒരുക്കും. ഹോര്‍ട്ടി കോര്‍പ്പ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടാന്‍ ജനകീയ ഇടപെടലും അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അദ്ധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍, ടി.വി ബാലന്‍ ,ഡി. പ്രജീഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിന്ദു .ആര്‍, ഹോര്‍ട്ടി കോര്‍പ് മനേജിങ് ഡയറക്ടര്‍ ജെ. സജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തേനിന്റെ ഔഷധമൂല്യവും തേനധിഷ്ഠിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും എന്ന വിഷയത്തില്‍ മാവേലിക്കര തേനീച്ച വളര്‍ത്തല്‍ കേന്ദ്രം റീജ്യണല്‍ മാനേജര്‍ ബി. സുനില്‍ ക്ലാസെടുത്തു.