കുറ്റിയാടി: കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി തുടങ്ങിയതോടെ തൊട്ടിൽപ്പാലം ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്ന് പതിനാറ് ഡ്രൈവർമാരെയാണ് കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ടത്. ഇതോടെ ഇന്നലെ മാത്രം മൂന്ന് സർവ്വീസുകൾ മുടങ്ങി. വയനാട് ,കോഴിക്കോട്, ഭാഗങ്ങളിലേക്കും, മലയോര മേഖലകളിലേക്കുമുള്ള സർവ്വിസുകളാണ് ഇല്ലാതായത്. ഇതോടെ മലയോര മേഖലയിലേക്കു യാത്ര പ്രശ്‌നം രൂക്ഷമായി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി.ബസ്സുകളെയാണ്. വയനാട്ടിലേക്കുള്ള എളുപ്പമാർഗ്ഗം കൂടിയാണിത്. തൊട്ടിൽപ്പാലം കെ.എസ്.ആർ.സി ഡിപ്പോയിൽ ബസ്സുകൾ ഇപ്പോഴും കട്ടപ്പുറത്താണ്. ഇതൊന്നും പണി ചെയ്യിതിറക്കാതെ സർവ്വീസുകൾ മുടങ്ങുന്നതും മലയോര പ്രദേശങ്ങളിലെ യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വേളയിലാണ് ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ്. തൊട്ടിൽപാലത്ത് നിന്ന് കുറ്റിയാടി, വടകര,പേരാമ്പ്ര, കോഴിക്കോട് ഭാഗങ്ങളിലേക്കും കേരളത്തിന്റെ ഒട്ടുമിക്ക ടൗണുകളിലേക്കും യാത്രചെയ്യുന്ന നിരവധി ജനങ്ങൾക്കും പുതിയ തീരുമാനം ഇരുട്ടടിയായിരിക്കകയാണ്.
പടം :തൊട്ടിൽ പാലം ഡിപ്പോയിൽ തകരാറിലായി കിടക്കുന്ന കെ എസ് ആർ ടി സി ബസുകൾ