വടകര: താലൂക്ക് തല വകുപ്പ് മേധാവികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നു വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. താലൂക്ക് തലത്തിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വികസന സമിതി യോഗവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ്. അത് അവഗണിക്കുകയാണെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. വികസന സമിതി യോഗത്തെ നോക്കു കുത്തിയാക്കി മാറ്റരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും സമിതി അംഗങ്ങളും പറഞ്ഞു. പല വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ 'പങ്കെടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു. പ്രധാനപ്പെട്ട വകുപ്പില്‍ നിന്നും ഏതെങ്കിലും സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതുമൂലം സമിതിയില്‍ ലഭിക്കുന്ന പല പരാതികള്‍ക്കും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. പ്രശ്നം ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തഹസില്‍ദാര്‍ കെ കെ രവീന്ദ്രന്‍ പറഞ്ഞു. വടകര ജില്ല ആശുപത്രി പരിസരത്തെ തെരുവ് നായ ശല്യം മൂലം രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന പ്രയാസം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം മുന്‍സിപ്പല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തും. അഴിയൂര്‍ മുതല്‍ മൂരാട് വരെ ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ നടപടികള്‍ തുടങ്ങിയതായി എന്‍ എച്ച്, പി ഡബ്ല്യു ഡി അധികൃതര്‍ പറഞ്ഞു. കുഴിയടക്കൽ ഇഴഞ്ഞുതീങ്ങുതായി ആക്ഷേപം ഉയര്‍ന്നിരുന്നു. വടകര പൊലിസ് സ്റ്റേഷന് മുന്നില്‍ പിടിച്ചിട്ട വാഹനങ്ങള്‍ റോഡിനു ഇരുവശത്തും നിരന്നത് മൂലം ഗതാഗത തടസ്സം നേരിടുന്നതായി പരാതി ഉയര്‍ന്നു. വടകര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടി എടുക്കാമെന്ന് പൊലിസ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു . വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരന്‍, സമിതി അംഗങ്ങളായ പ്രദീപ്‌ ചോമ്പാല, സി കെ കരീം, ബാബു കളത്തില്‍ എന്നിവര്‍ സംസാരിച്ചു.