വടകര: സ്വന്തം പരിസരം വൃത്തിയാക്കാൻ മടിക്കുന്ന മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇവിടൊരു സംഘം വിദേശ യുവാക്കൾ. അഴിയൂരിലെ പൂഴീത്തല ബീച്ച് ശുചീകരണത്തിനാണ് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ 28 വിദേശികൾ പങ്കാളികളായത്. മെക്സിക്കോ, സ്പെയിൻ, അമേരിക്ക ,ഓസ്ട്രേലിയ, നെതർലാന്റ്, ബ്രിട്ടൻ, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ശുചീകരണത്തിനിറങ്ങിയത്. സായാഹ്നം ചിലവഴിക്കാൻ ബീച്ചിലെത്തിയ ഇവർ നാട്ടുകാർ ശുചീകരണ പ്രവൃത്തി നടത്തുന്നത് കണ്ടപ്പോൾ കൂടെകൂടുകയായിരുന്നു. മെക്സിക്കോയിൽ നിന്നും വന്ന കൃഷ്ണ, സ്പെയിൻകാരി വെറോണിക്ക, 5 മാസം ഗർഭിണിയായ ഫേബയോലയും അവരുടെ ഭർത്താവും ശുചീകരണത്തിന് നേതൃത്വം വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്തും, നവാഗത് ക്ലബ്ബ് അഴിയൂർ, ഗ്രീൻസ് ആയ്യൂർവ്വേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് കടൽതീരം ശുചീകരിച്ചത്. പൂഴിത്തല മുതൽ ആസ്യ റോഡ് വരെയുള്ള ബീച്ചാണ് വൃത്തിയാക്കിയത്. 3 ടൺ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചു. 5 മാസം മുമ്പ് പതിമൂന്നര ടൺ പ്ലാസ്റ്റിക്ക് മാലിന്യം ഈ ഭാഗത്ത് നിന്നും നീക്കംചെയ്തിരുന്നു.
#മാലിന്യം നിക്ഷേപിച്ചവർക്കെതിരെ പരാതി
കടലിലേക്ക് മാലിന്യം വലിച്ചെറിയാൻ ശ്രമിച്ച രണ്ട് സ്ത്രീകൾക്ക് എതിരെ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി. പരസ്യമായി കടൽ തീരത്ത് മലമൂത്ര വിസർജ്ജനം ചെയ്യുന്ന 4 പേർക്ക് താക്കീത് നൽകുകയും ചെയ്തു. കടൽ തീരത്തുള്ള വീടുകളിൽ കയറി ബോധവൽക്കരണം നടത്തുന്നതിനിടയിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ജസ്മിന കല്ലേരി, ഡോ.അസ്ഗർ, ദിപിൻ, റാണാ ദിനിൽ, സായൂജ് ,ആദർശ്, എന്നിവർ കടൽ ശുചീകരണത്തിന് നേതൃത്വം നൽകി. മൽസ്യതൊഴിലാളിയായ പ്രിയേഷ് മാളിയക്കലിന്റെ സഹായവും ഉണ്ടായിരുന്നു.
തീരം മലിനമാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവരുടെ വിവരം പഞ്ചായത്തിൽ എത്തിക്കുവാൻ നാട്ടുകാർ മുന്നോട്ട് വരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. തീരം വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി പഞ്ചാടയത്ത് മുന്നോട്ട് പോവും. - ടി.ഷാഹുൽഹമീദ്, പഞ്ചായത്ത് സെക്രട്ടറി