മുക്കം: ഹൗ ഓൾഡ് ആർ യു. എന്ന സിനിമയിൽ മഞ്ജുവാര്യർ എന്ന നായിക അനുഭവിക്കുന്ന അതേ ടെൻഷനിലാണ് ഷഹാന. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ടെൻഷൻ. അൽപം ടെൻഷൻ ഉണ്ടങ്കിലും രാഷ്ട്രപതിയെ കാണാനും സംവദിക്കാനുമുള തയ്യാറെടുപ്പിലാണ് ഷഹാന ജാസ്മിൻ. രാഷ്ട്രപതിയെ കാണാനും സംവദിക്കാനുമുള്ള അസുലഭ ഭാഗ്യമാണ് കൂമ്പാറയിലെ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഷഹാന ജാസ്മിന് കൈവന്നത്. ഹയർ സെക്കൻഡറി സയൻസ് ബാച്ചിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ഷഹാന ജാസ്മിൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽനടന്നുവരുന്ന പാസ്സ്‌വേർഡ് പ്രോഗ്രാമിലൂടെയാണ് ദേശീയതലത്തിൽ നടക്കുന്നഎക്സ്പ്ളോറിങ് ഇന്ത്യ കരിയർ ടൂറിൽ അംഗമായത്.
സ്കൂൾ തലത്തിൽ നടന്ന ട്യൂണിങ് ക്യാമ്പ്, ജില്ലാതലത്തിൽ നടന്ന ഫ്ലവറിങ് ക്യാമ്പ് തുടങ്ങിയവയിലൂടെ കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിയാണ് ഷഹാന. ഏഴുദിവസത്തെ എക്സ്പ്ളോറിങ് ഇന്ത്യയുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായിട്ടുള്ള കൂടിക്കാഴ്ച, ഇന്ത്യൻപാർലമെൻറും ഡൽഹിയിലെ വിവിധ യൂണിവേഴ്സിറ്റികളും ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളും സന്ദർശിക്കൽ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയവയുണ്ടാവും. തോട്ടുമുക്കം മൈസൂർപറ്റ കുഞ്ഞി മുഹമ്മദ് _ ഖദീജ ദമ്പതികളുടെ മകളായ ഷഹാന ജാസ്മിൻ എൻ എസ് എസ് വളണ്ടിയർ കൂടിയാണ്. അടുത്ത മാസം പകുതിയോടെയാണ് കൂടിക്കാഴ്ചക്കുള്ള അവസരം.