
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ പ്രധാന കണ്ണിയായ ജോളിക്ക് മറ്റ് കേന്ദ്രങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടാവാമെന്ന് പൊലീസ് സംശയിക്കുന്നു. താൻ ഒറ്റയ്ക്കാണ് എല്ലാ കൃത്യവും ചെയ്തതെന്ന് ജോളി ആവർത്തിക്കുന്നുണ്ടെങ്കിലും പൊലീസ് ഇത് പൂർണമായി വിശ്വസിക്കുന്നില്ല.
ആദ്യ സംശയം സയനൈഡ് എത്തിച്ച മാത്യുവിലാണ്. കൊലപാതകത്തിനാണെന്ന് മനസിലാക്കിക്കൊണ്ട് തന്നെയാണ് മാത്യു ഓരോ തവണയും സയനൈഡ് നൽകിയത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവും സംശയ നിഴലിലാണ്. ഇയാളെ ചോദ്യം ചെയ്തപ്പോൾ പങ്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ജോളി അറസ്റ്റിലായ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യും.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് കൊലപാതകങ്ങളിൽ പങ്കില്ലെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന സൂചന. രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും സംശയകരമായ യാതൊരു സൂചനയും ഷാജുവിൽ നിന്ന് ലഭിച്ചില്ലത്രെ.
റോയിയുടെ സഹോദരിയെയും കൊല്ലാൻ നോക്കി: ജോളി
ഇതിനിടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ സഹോദരി രഞ്ജിതയെയും കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. അവിചാരിതമായ കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. റോയിയെ കൂടാതെ രണ്ട് ആൺമക്കളും ഒരു മകളുമാണ് ടോം തോമസ് - അന്നമ്മ ദമ്പതികൾക്കുള്ളത്.