ponnamattam-1
കോടഞ്ചേരി പൊലീസ് സീൽ ചെയ്ത തുടർ കൊലപാതകങ്ങൾ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട്

കോഴിക്കോട്:കൂടത്തായിയിലെ തുടർകൊലപാതകങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ നാട്ടുകർ‌ക്ക് പ്രിയപ്പെട്ടവരായിരുന്ന ടോംതോമസിന്റെയും അന്നമ്മയുടെയും വീട് ഭീതിയുടെയും ദുരൂഹതകളുടെയും പരിവേഷവുമായി നിൽക്കുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി കോടഞ്ചേരി പൊലീസ് ഇന്നലെ രാവിലെ പൊന്നാമറ്റം തറവാട് വീട് പൂട്ടി സീൽ ചെയ്തു. കൊലപാതകങ്ങൾ നടന്ന സാഹചര്യവും കൊലപാതകത്തിന് സ്വത്തുമായി ബന്ധമുണ്ടെന്ന സൂചനകളുമാണ് വീട് സീൽ ചെയ്യാൻ കാരണം. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡിന്റെ അംശങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്താമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. ടോംതോമസിന്റെ മകളും മറ്റു ചില ബന്ധുക്കളും ഇവിടെ നിന്ന് മാറി.

അതേസമയം ജോളി അറസ്റ്റിലായതോടെ സ്വത്ത് ഭാഗം വെച്ച് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ മുടങ്ങി. ഇതിന്റെ എല്ലാ നടപടികളും ബന്ധുക്കൾ സ്വീകരിച്ചിരുന്നു. താമരശേരി രജിസ്ട്രേഷൻ ഓഫീസിലായിരുന്നു രജിസ്ട്രേഷൻ നടക്കേണ്ടിയിരുന്നത്.

ഒരേക്കർ സ്ഥലത്തിന്റെ പകുതിയും അതിലുള്ള വീടും ജോളിയുടെയും റോയിയുടെയും മക്കൾക്കും ബാക്കി സ്ഥലം റോയിയുടെ മറ്റ് സഹോദരന്മാർക്കും വീതിക്കാനായിരുന്നു തീരുമാനം.

ജോളിയുടെ ഭർത്താവും ടോംതോമസിന്റെ സഹോദര പുത്രനുമായ ഷാജു ഇവിടെ നിന്ന് കഴിഞ്ഞ ദിവസം മാറിയിരുന്നു. ജോളിയുടെ കുട്ടികളെ റോയിയുടെ സഹോദരി ഒപ്പം കൂട്ടി.

ജോളി വ്യാജ ഒസ്യത്ത് നിർമ്മിച്ച് സ്വത്ത് തട്ടിയെടുത്തെന്ന സംശയത്തിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നത്. റോയിയുടെ സഹോദരങ്ങൾക്ക് യാതൊരു പരിചയവും ഇല്ലാത്തവരായിരുന്നു ഒസ്യത്തിൽ ഒപ്പിട്ടിരുന്നത്. ടോംതോമസിന്റെ രണ്ട് ഏക്കർ‌ സ്ഥലം വിറ്റ തുക ജോളി നേരത്തേ കൈവശപ്പെടുത്തിയിരുന്നു.