kodathayi-case

മൂന്ന് പേരെ കൂടി അടുത്ത ദിവസം ചോദ്യം ചെയ്യും

11പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് തിരിഞ്ഞു. കൊലപാതകങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ജോളിയെ പലരും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 11 പേർ നിരീക്ഷണത്തിലാണ്. ജോളിയുമായി ബന്ധമുള്ള ബി.എസ്.എൻ.എൽ ജീവനക്കാരനെയും രണ്ട് പൊതുപ്രവർത്തകരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇതിൽ ഒരാളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വ്യാജ ഒസ്യത്ത് നിർമ്മിക്കാൻ ജോളിയെ സഹായിച്ചവരും കൂട്ടത്തിലുണ്ട്.

നിരീക്ഷണത്തിലുള്ള 11 പേർക്കും കൊലപാതകങ്ങളിൽ പ്രകടമായ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇവരിൽ കൊല ആസൂത്രണം ചെയ്യാൻ സഹായിച്ചവരിലേക്ക് തിരിഞ്ഞുകഴിഞ്ഞതായാണ് സൂചന. തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവാണ് മറ്റൊരു പ്രധാന കണ്ണി. ഇയാൾക്ക് അഞ്ച് തവണ സയനൈഡ് നൽകിയിട്ടുണ്ടെന്ന് അറസ്റ്റിലായ സ്വർണത്തൊഴിലാളി പ്രജുകുമാർ മൊഴി നൽകിയിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയത്. ജോളി ഇത് ഉപയോഗിക്കുന്നത് കൊലപാതകത്തിനാണെന്ന് മാത്യുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് വിവരം.

അതേസമയം, നാലാമതൊരു പ്രതി കൂടി ഉണ്ടെന്ന് റോയിയുടെ സഹോദരി രെഞ്ചി വെളിപ്പെടുത്തി. മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാൾ ആ വീട്ടിൽ പതിവായി വരാറുണ്ടായിരുന്നു. അച്ഛൻ ടോം തോമസ് ഇതിനെ ശക്തമായി എതിർത്തിരുന്നു. റോയ് തോമസിന് അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. കേസ് നടക്കുന്നതിനാൽ ആളുടെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും രെഞ്ചി പറഞ്ഞു. ഇയാളിലേക്കും അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

കൊലക്കേസിൽ രണ്ടാനച്ഛൻ ഷാജു അടക്കം മറ്റു പലർക്കും പങ്കുള്ളതായി തനിക്ക് സംശയമുണ്ടെന്ന് ജോളിയുടെ മകൻ റെമൊയും പറഞ്ഞു. ഇരുവരും ഇന്നലെ കൊച്ചിയിൽ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

അച്ഛൻ ആത്മഹത്യ ചെയ്‌തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ ദിവസം രാത്രി ഞാനും അനിയനും ഉറങ്ങാൻ കിടന്നതായിരുന്നു. വീട്ടിലെത്തിയ അച്ഛൻ ഞങ്ങളുടെ മുറിയിൽ കയറി ടോർച്ചടിച്ച്, കള്ള ഉറക്കമാണ്. അല്ലേ എന്നു ചോദിച്ച് ചിരിച്ചു. പിന്നെ സ്വന്തം മുറിയിലേക്ക് പോയി. പിറ്റേന്ന് ഉണർന്നപ്പോൾ വീട്ടുമുറ്റത്ത് പന്തൽ ഉയരുന്നതാണ് കണ്ടതെന്നും റോമോ പറഞ്ഞു.

ജോളിയുടെ ഭർത്താവ് ഷാജുവിനെ ഉൾപ്പെടെ 212 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീട് പൊലീസ് പൂട്ടി സീൽ ചെയ്തു. ജോളിയുടെ ഫോൺരേഖകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നു.

കല്ലറ തുറന്ന് ശേഖരിച്ച ഭൗതിക അവശിഷ്ടങ്ങൾ ഉടൻ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കണ്ണൂരിലെ ഫോറൻസിക് ലാബ് ഡയറക്ടറോട് റൂറൽ എസ്.പി രേഖാമൂലം ആവശ്യപ്പെട്ടു. അറസ്റ്റിലായ ജോളി, സയനൈഡ് നൽകിയ എം.എസ്. മാത്യു എന്ന ഷാജി താമരശേരി, തച്ചൻപൊയിൽ മുള്ളമ്പലത്ത് പ്രജികുമാർ എന്നിവർ റിമാൻഡിലാണ്. ഇവരുടെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും.

രേഖകൾ കടത്തിയെന്ന് ആരോപണം

പൊന്നാമറ്റം വീട് സീൽ ചെയ്യുന്നതിന് മുമ്പ് അവിടെ നിന്ന് സാധനങ്ങൾ കടത്തിയതായി നാട്ടുകാർ ആരോപിച്ചു. ഷാജുവാണ് രേഖകൾ ചാക്കിൽ കെട്ടി ആട്ടോറിക്ഷയിൽ കൊണ്ടുപോയത്. ചാക്കിൽ എന്താണെന്ന് ചോദിച്ചപ്പോൾ പുസ്തകങ്ങളാണെന്നാണ് ഷാജു മറുപടി നൽകിയതെന്ന് ആട്ടോ ഡ്രൈവർ പറഞ്ഞു.

സയനൈഡിന് പുറമേ മറ്റ് വിഷവും

കൊലപാതകം നടത്താൻ സയനൈഡിന് പുറമേ മറ്റു ചില വിഷം കൂടി ഉപയോഗിച്ചതായി സംശയമുണ്ട്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇതും പരിശോധിക്കും. ഒരുതവണ മാത്രമാണ് സയനൈഡ് കൈമാറിയതെന്ന് അറസ്റ്റിലായ പ്രജികുമാർ മൊഴി നൽകി. ഈ സാഹചര്യത്തിലാണ് സയനൈഡ് അല്ലാതെ മറ്റ് വിഷ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.