എടച്ചേരി: പദ്ധതി പാളിയപ്പോൾ പിന്നെ പുത്തൻ പോംവഴിക്കായി നിർദ്ദേശം. അതും വിഫലം. ഇനിയും അങ്ങനെ ഇരുട്ടുകൊണ്ടു ഓട്ടയടക്കേണ്ടെന്ന നിലപാടിൽ ഗുണഭോക്താക്കളും.
ഒൻപതാം വാർഡിലെ മുല്ലപ്പള്ളിയിൽ അഞ്ചു വർഷം മുമ്പയായിരുന്നു ജലനിധി പദ്ധതിയുടെ വരവ്. ലക്ഷം വീട് കോളനിയിലെ തൊണ്ണൂറിൽ പരം കുടുംബങ്ങൾ വല്ലാതെ ആശ്വസിച്ചതായിരുന്നു. പക്ഷേ, മലിനജലം ഒഴുകുന്ന തോടിനോടു ചേർന്ന് കുഴിച്ച കിണറ്റിൽ നിന്നു ഒരിക്കൽ പോലും ശുദ്ധജലം കിട്ടിയില്ല. പുഴു നിറഞ്ഞ, കറുപ്പ് നിറമുള്ള വെള്ളമാണ് വിതരണം ചെയ്തിരുന്നത്. വീട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വൈകാതെ പമ്പിംഗ് നിറുത്തിവെയ്ക്കേണ്ടി വന്നു. അതോടെ, കോളനിവാസികൾക്ക് കുടിവെള്ളം പിന്നെയും ദൂരദിക്കിൽ നിന്ന് തലച്ചുമടായി കൊണ്ടുവരേണ്ട ഗതികേടായി.
പ്രശ്നപരിഹാരം തേടി പഞ്ചായത്ത് അധികൃതർ ജലനിധി ഉദ്യോഗസ്ഥരുമായി പലതവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ജലനിധി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിഹാരമാർഗമായി പുതിയ സംവിധാനം ഗുണഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ സ്ഥലത്തെത്തി.
കിണറിലെ വെള്ളം ശുദ്ധീകരിക്കാൻ ഓരോ വീട്ടിലും "മിനി ഫിൽട്ടർ " ഏർപ്പെടുത്തിയാൽ മതിയെന്നായിരുന്നു മലപ്പുറത്ത് നിന്നെത്തിയ സംഘത്തിന്റെ നിർദ്ദേശം. ഫിൽറ്റർ പരിചയപ്പെടുത്താൻ ചെന്നൈയിലെ കമ്പനിയിൽ നിന്നുള്ള ജീവനക്കാരുമുണ്ടായിരുന്നു. ജലനിധിയുടെ കീഴിൽ സൗജന്യമായി ഫിൽറ്റർ ലഭ്യമാക്കുമെന്ന അറിയിപ്പും വന്നു.
എന്നാൽ 50 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ മൂന്നു മണിക്കൂറെങ്കിലും വേണമെന്നു കണ്ടതോടെ വീട്ടുകാരുടെ മുഖം മാറി. താത്കാലിക ഏർപ്പാടായുള്ള ഈ മിനി ഫിൽട്ടർ സംവിധാനം തങ്ങൾക്കു വേണ്ടെന്നായി അവർ. ഒന്നുകിൽ നിലവിലുള്ള കിണറിലെ വെള്ളം പൂർണമായും ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം. അതല്ലെങ്കിൽ, പുതിയ കിണർ കുഴിക്കണം; ഇതാണ് ഗുണഭോക്താക്കളുടെ ആവശ്യം.
വെള്ളം ലഭ്യമാക്കിയില്ലെങ്കിൽ
സമര: യു.ഡി.എഫ്
പണി പുർത്തിയായി എന്നു പറയുന്ന ജലനിധി പദ്ധതികൾ പല പദ്ധതികളിലും വെള്ളം കിട്ടാറില്ല. ഇതിന്റെ പുർണ്ണ ഉത്തരവാദിത്വം ടെക്നിക്കൽ വിഭാഗത്തിനാണ്. മുഴുവൻ ഗുണഭോക്താക്കൾക്കും കുടിവെള്ളം എത്തിക്കാൻ ജലനിധി അധികൃതർ ഇനിയും തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എടച്ചേരി പഞ്ചായത്ത് യു ഡി എഫ് മെമ്പർമാരായ. നിജേഷ് കണ്ടിയിൽ. ടി.കെ മോട്ടി, ഒ.കെ.മൊയ്തു എന്നിവർ പറഞ്ഞു.
ജലനിധി ഉദ്യോഗസ്ഥർ എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗുണഭോക്താക്കൾക്ക് ഫിൽട്ടർ സംവിധാനം പരിചയപ്പെടുത്തിയപ്പോൾ
ജലനിധി കുടിവെള്ളപദ്ധതിയുടെ ടാങ്ക്