jolly-mathew

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലായ്‌മ ജയിലിൽ എത്തിയതോടെ പാടെ മാറി. രാത്രി ഇവർ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലിൽ എത്തിച്ചത് രാത്രി 12.15 നാണ്.

ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വനിതാ വാർഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങൾക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവർ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നെ ഉറങ്ങാൻ കൂട്ടാക്കാതെ അലറിവിളിച്ചു. വല്ലാതെ ബഹളം വച്ചു. ജോളിയെ നിരീക്ഷിക്കാൻ ജയിൽ വാർഡർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.