ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ - ഇല്ലപ്പറമ്പിൽ ശോഭനയുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷപ്പെട്ടുത്തി. പുലർച്ചെ 5 മണിക്ക് എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടാണ് ശോഭനയും സഹോദരി ബാലാമണിയും കിണറ്റിനകത്തേക്ക് നോക്കിയത്. കിണറ്റിൽ നിന്നും രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ വെള്ളത്തിൽ നീന്തി ശബ്ദമുണ്ടാക്കുന്ന കൂറ്റൻ കാട്ടുപന്നിയേയാണ് കണ്ടത്. ഉടനെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും റാപ്പിഡ് റെസ്പോൺസ് ടീ മിൽനിന്നും ബീറ്റ്ഫോറസ്റ്റ് ഓഫീസർ വി.പി. 'പ്രസാദിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എ.കെ. ഉണ്ണികൃഷ്ണൻ, സി.കെ.ഷബീർ - .അനീസ് അത്താണി എന്നിവരുടെ നേതൃത്വത്തിൽ കരിങ്ങേറ്റിങ്ങൽ മനോജ്.കെ., കെ.ബാബു, ഇല്ലപ്പറമ്പിൽ രാജീവൻ, മഠത്തിൽക്കണ്ടി ഷാജി, കുട്ടൻപിലാവിൽ, വാർഡ് മെമ്പർ കെ.കെ. സുജിത്ത് എന്നിവരുടെയും മറ്റ് നാട്ടുകാരുടെയും സഹായത്തോടെ ഏറെ പണിപ്പെട്ടാണ് ഏകദേശം 150 കിലോയോളം ഭാരമുള്ള കാട്ടുപന്നിയെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. കൂട്ടിലാക്കിയ പന്നിയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി ഈ പ്രദേശങ്ങളിൽ പന്നിയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണത്തിൽ വൻ കൃഷി നാശമാണ് സംഭവിക്കുന്നത്. കോട്ടൂർ പഞ്ചായത്ത് എട്ടാം വാർഡ് കുടുംബശ്രീ അംഗങ്ങൾ പാട്ടത്തിനെടുത്ത് ഒരു ഏക്കറോളം സ്ഥത്ത് കൃഷി ചെയ്ത ചേന കാട്ടുപന്നി കളുടെ ആക്രമണത്തിൽനശിപ്പിച്ചിരുന്നു. വായ്പയെടുത്ത് നടത്തിയ ഈ കൃഷി നശിപ്പിക്കപ്പെട്ടതിൽ വലിയ സാമ്പത്തിക നഷ്ടത്തിലാണ് കടുംബശ്രീ അംഗങ്ങൾ. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് വിളകൾക്ക് സംരക്ഷണം നൽകാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി കളുണ്ടാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.