കോഴിക്കോട്: കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയെ വഴിവിട്ട് സഹായിച്ച ഉദ്യോഗസ്ഥരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണസംഘം എത്തുമെന്നാണ് പ്രതീക്ഷയെന്ന് റോയി തോമസിന്റെ സഹോദരി രഞ്‌ജി തോമസ് പറഞ്ഞു.
വ്യാജ ഒസ്യത്ത് ഉണ്ടാക്കാനും എല്ലാവർക്കും അവകാശപ്പെട്ട സ്വത്ത് സ്വന്തമാക്കാനും ജോളിയെ കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകൻ തുണച്ചിട്ടുണ്ട്. ഓമശ്ശേരി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഒരു പഞ്ചായത്ത് അംഗവുമെല്ലാം വഴിവിട്ട് സഹായിച്ചു. റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നിർദ്ദേശിച്ചതനുസരിച്ചാണ് താൻ രേഖകളിൽ പെട്ടെന്ന് ഒപ്പിട്ട് നൽകിയതെന്ന് വില്ലേജ് ഓഫീസർ തന്നോട് നേരിട്ട് പറഞ്ഞിരുന്നു. ഈ ഉന്നത ഉദ്യോഗസ്ഥയെക്കുറിച്ച് അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിട്ടുമുണ്ട്.
വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് തങ്ങളുടെ സമീപവാസികളോ ആ വില്ലേജിൽപെടുന്നവരോ പോലുമല്ല.
വിവരാവകാശ നിയമപ്രകാരം 2013-ൽ ഓമശ്ശേരി വില്ലേജ് ഓഫീസിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടപ്പോൾ തന്നില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ ഒരു ജനപ്രതിനിധി ഈ രേഖകൾ നൽകരുതെന്ന് നിർദ്ദേശിച്ചതായി അറിയാൻ കഴിഞ്ഞു. രേഖകളിൽ അറ്റസ്റ്റ് ചെയ്ത് കോഴിക്കോട്ടെ ഒരു നോട്ടറി അഭിഭാഷകനാണ്. ഇവരെല്ലാം അറിഞ്ഞുകൊണ്ട് ഇതിൽ പങ്കാളിയായവരാണ്.
കൂട്ടക്കൊലപാതകത്തിൽ ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ല. എത്ര വൈകിയാലും സത്യം തെളിയാതിരിക്കില്ല; രഞ്ജി പറഞ്ഞു.