വടകര: ഇന്ത്യയിലെ വർഗ്ഗീയ കലാപങ്ങൾക്കെതിരെയും, ആൾക്കൂട്ടകൊലപാതകങ്ങൾക്കെതിരെയും പ്രതികരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുത്തിയ ഇന്ത്യയിലെ സാമൂഹ്യ സാംസ്ക്കാക്കാരിക ചലച്ചിത്ര പ്രവർത്തകർക്കെതിരെ കേസെടുത്ത കേന്ദ്ര സർക്കാർ നടപടിയിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പ്രതിഷേധ സൂചകമായി ഒരു ലക്ഷം കത്തയക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡി വൈ എഫ് ഐ മേമുണ്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നൂറോളം കത്തുകൾ പ്രധാനമന്ത്രിക്ക് അയച്ചു. മേമുണ്ടയിൽ പ്രകടനവും പ്രതിഷേധ പൊതുയോഗവും ചേർന്നു. പ്രതിഷേധ പരിപാടി ഡി വൈഎഫ് ഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കത്തയക്കലിന്റെ ഉദ്ഘാടനവും ശ്രീജിത്ത് നിർവ്വഹിച്ചു. മേമുണ്ട മേഖല പ്രസിഡൻറ് സുബീഷ് മേമുണ്ട, മേഖല ട്രഷറർ പി.എസ് അർജ്ജുൻ, എസ് എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അമൽജിത്ത് കുട്ടോത്ത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.