വടകര: കടപൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ വാഹനം ഓടിച്ചയാളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. ചോറോട് നെല്ല്യങ്കരയിലെ കേളോത്ത് സുനീഷിന് (36) പരിക്കേറ്റ സംഭവത്തിലാണ് പരാതി. കാറോടിച്ചയാൾ മദ്യപിച്ചെന്ന് വ്യക്തമായിട്ടും ഇയാളുടെ രക്തം പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരിക്കേറ്റ സുനീഷിന്റെ സഹോദരൻ സുരേഷ് കേളോത്ത് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സാരമായി പരിക്കേറ്റ സുനീഷ് കഴുത്തിന്റെ എല്ലുപൊട്ടി എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ്. സെപ്റ്റംബർ 16-നാണ് കീഴൽമുക്കിൽ വച്ച് അപകടമുണ്ടായത്. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചയാൾ മദ്യപിച്ചിരുന്നെന്ന് അന്നുതന്നെ വ്യക്തമായതാണെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇയാളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നാണ് ആക്ഷേപം. ആശുപത്രിയിലെത്തിച്ച് രക്തം പൊലീസ് നൽകിയിരുന്നെങ്കിലും ഇയാളുടെ സമ്മതമില്ലാത്തതിനാൽ പരിശോധിച്ചില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും സഹോദരൻ പറഞ്ഞു. സുനീഷിന്റെ ചികിത്സയ്ക്ക് ഇതിനകം വലിയ തുക ചെലവായി. സ്റ്റിക്കർ കട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു സുനീഷ്. പത്രസമ്മേളനത്തിൽ എം.കെ ആദിലും പങ്കെടുത്തു.