നാദാപുരം: പെൺകുട്ടിയെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചു എന്ന് ചിത്രീകരിച്ച് യുവാവിന് ക്രൂര മർദ്ദനം. കടവത്തൂർ സ്വദേശിയായ യുവാവാണ് കല്ലാച്ചി ടൗണിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായത്. കഴിഞ്ഞ രണ്ടാം തീയ്യതിയാണ് വാണിമേലിൽ തട്ടി കൊണ്ട് പോകൽ കഥ നടന്നത്. മർദ്ദനമേറ്റ യുവാവ് നിരത്തുമ്മൽ പീടികയ്ക്ക് സമീപത്ത് വെച്ച് പെൺകുട്ടിയോട് വഴി ചോദിക്കുകയോ മറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ തട്ടി കൊണ്ട് പോകൽ വാർത്ത പരന്നത്. യുവാവ് പെൺകുട്ടിയോട് ബൈക്കിലിരുന്ന് സംസാരിക്കുന്ന സിസിടിവി ദ്യശ്യങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നിന്ന് യുവാവിന്റെ ഫോട്ടോയും,ബൈക്ക് നമ്പറും എടുത്ത് ഒരു സംഘം പിന്തുടരുകയും രണ്ട് ദിവസം കഴിഞ്ഞ് യുവാവിനെ കണ്ടെത്തുകയും കല്ലാച്ചിയിൽ തടഞ്ഞ് വെച്ച് ക്രൂര മർദ്ദനത്തിനിരയാക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസ് അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിക്കുകയും പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. ദേഹമാസകലം മർദ്ദന മേറ്റതറിഞ്ഞ പൊലീസ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുകയും സാരമായ മർദ്ദനം നടന്നതായി ഡോക്ടറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തു. മർദ്ദിക്കുന്നതിനിടെ യുവാവിന്റെ ഫോട്ടോ എടുക്കുകയും കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘത്തിൽ പെട്ടയാൾ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുകയും ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായും പ്രചരണം അഴിച്ച് വിട്ടു. ഇതിന് വേണ്ടി പൊലീസ് സ്‌റ്റേഷനിൽ നിന്നും ലോക്കപ്പിന് മുന്നിൽ ഇരുത്തിയ ഫോട്ടോയും വ്യാപകമായി പ്രചരിപ്പിച്ചു. കല്ലാച്ചിയിൽ നേരത്തെയും മോഷ്ടാവെന്നും മറ്റും ചിത്രീകരിച്ച് സദാചാര അക്രമങ്ങൾ നടത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ യുവാവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്ഥിരമായി ജോലി ഇല്ലാത്ത യുവാവ് ജോലി അന്വേഷിച്ചാണ് വാണിമേലിൽ എത്തിയതെന്നുമാണ് വെളിവായത്.