വടകര: വെള്ളികുളങ്ങര - മടപ്പള്ളി റോഡിലെ വൻമരങ്ങൾ ഭീഷണിയായി മാറിയിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ടവരിൽ നിന്നും നടപടി ഒന്നും ഉണ്ടാവാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. നീതി സ്റ്റോറിനു സമീപത്തെ റോഡിനോടു ചേർന്ന കനാൽ കയറ്റത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹന അപകടങ്ങൾ കണ്ട് മടുത്തവർ ഇനിയൊരു അപകടകാരണമായേക്കാവുന്ന മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെയായി. അറബിപുളി വർഗ്ഗത്തിൽ പെട്ട രണ്ട് വൻ മരങ്ങളാണ് ഭീഷണിയായിട്ടുള്ളത്. നിരവധി കവചങ്ങളുമായി പന്തലിച്ച ഇവയിൽ ഒന്നിന് ഉണക്കം വന്നു തുടങ്ങിയിരിക്കുന്നു. പരിസരവാസികൾ നിരവധി തവണ ഒഞ്ചിയംപഞ്ചായത്ത്, വടകരബ്ലോക്ക് പഞ്ചായത്ത് കൂടാതെ കുറ്റ്യാടിയിലെ ഫോറസ്റ്റ്ഓഫീസിലും നാട്ടുകാർ പരാതിയുമായി എത്തിയിരുന്നു. തുടർന്ന് ഫോറസ്റ്റ് വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പോയിരുന്നു. അപകടനിലയിലുള്ള മരങ്ങളും ഇതിനടിയിൽ കൂടിപോകുന്ന പതിനൊന്ന് കെവി ലൈനടക്കം 230 വാൾട്ട് വൈദ്യുതി ലൈനിൻെറ പോസ്റ്റുകൾ തകരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തി പോയിട്ട് മാസം നാല് കഴിഞ്ഞു. അപകടകരമായി കിടക്കുന്ന മരങ്ങൾ മുറിച്ചു കിട്ടാൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. ഇതിനിടയിൽ പ്രദേശത്തെ ഇടം സാംസ്കാരിക വേദി യോഗം ചേർന്ന് മരം കൊണ്ട് ഉണ്ടായേക്കാവുന്ന അപകടംവിലയിരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ചു. കൂട്ടത്തിൽ മടപ്പള്ളി റെയിൽവേ മേൽപാലം യാഥാർത്ഥ്യമായതോടെ റോഡിലെ അപകടക്കുരുക്കും ചർച്ചയായതായി പ്രസിഡന്റ് സബീഷും സെക്രട്ടറി ഹാരിസും പറഞ്ഞു.