വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ സ്‌കൂൾ സൊസൈറ്റി അംഗവും കുടുംബവും നടത്തുന്ന കുത്തിയിരിപ്പ് സമരം 34ാം ദിവസത്തിലേക്ക്. അമ്പലക്കുളങ്ങരയിലെ കുനിയിൽ അനിൽ, ഭാര്യ നിജുല, അമ്മ നാരായണി ,മക്കളായ ഒന്നാം ക്ലാസുകാരനായ നവതേജ് , രണ്ടാം ക്ലാസുകാരൻ അനുജ് ദേവ് എന്നിവരാണ് സമരം നടത്തുന്നത്. അനിലിന്റെ ഭാര്യ നിജുലയ്ക്ക് അനദ്ധ്യാപക തസ്തികയിൽ ജോലി നൽകാൻ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടും നടപ്പാക്കാതെ മറ്റു രണ്ടുപേർക്ക് ജോലി നൽകിയെന്നാരോപിച്ചാണ് സമരം.
2009 മുതൽ സ്‌കൂളിൽ താത്കാലികമായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നുണ്ട് നിജുല. ഇതിനിടെ 2018 മേയിൽ ഇവിടെ അനദ്ധ്യാപക തസ്തികയിൽ ഒഴിവ് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ തസ്തികയിലേക്ക് അപേക്ഷ നൽകി. നിയമനം വാഗ്ദാനംചെയ്തെങ്കിലും തസ്തികയിൽ മറ്റൊരാളെ നിയമിച്ചെന്നാണ് ഇവരുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പെ സ്‌കൂളിനു മുന്നിൽ സമരം ചെയ്യാൻ തീരുമാനിച്ചെങ്കിലും മധ്യസ്ഥശ്രമത്തെത്തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനിൽ പറഞ്ഞു.
നിജുലയ്ക്ക് ഫുൾടൈം മീനിയലായി നിയമനം നൽകാൻ മാനേജ്മെന്റ് തയ്യാറാണെന്ന ഉറപ്പും കിട്ടി. എന്നാൽ ഈ തസ്തികയിലും മറ്റൊരാൾക്ക് നിയമനം നൽകുകയായിരുന്നുവെന്ന് അനിൽ വ്യക്തമാക്കി. ഇതിനെതിരെയാണ് സമരം. 2018-ൽ നിയമനം കിട്ടുന്നതിനായി അന്ന് ഡയറക്ടർ ബോർഡിലുണ്ടായിരുന്ന ഒരാൾക്ക് രണ്ടരലക്ഷം രൂപ നൽകിയതായും ഇവർ പറഞ്ഞു. ഇത് എത്രയും പേട്ടന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് വട്ടോളി വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് എ.പി.ശശി ആവിശ്യപെട്ടു