പയ്യോളി: കെ എസ് ഇ ബി പയ്യോളി സെക്ഷൻഓഫീസ് പയ്യോളിയിൽ നിന്നും മാറ്റുന്നത് സംബന്ധിച്ച് പ്രക്ഷോഭമുയരുകയും വിവാദമവുകയും ചെയ്തതിനെ തുടർന്ന് പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി സർവ്വകക്ഷിയോഗം ഇന്ന് രാവിലെ 11 മണിക്ക് നഗരസഭ ഹാളിൽ വച്ച് ചേരുന്നതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു .
കെ.എസ്.ഇ.ബി. ഓഫീസ് പയ്യോളി ടൗണിൽ നിന്ന് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകളുടെ നെറ്തൃത്വത്തിൽ സമര പരിപാടികൾ നടന്നിരുന്നു.
ഓഫീസ് മാറ്റാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിന്മാറണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരം ശക്തമാക്കാനുള്ള പുറപ്പാടിലായിരുന്നു വിവിധ സംഘടനകളും ഉപഭോക്താക്കളും. അനുയോജ്യമായ സ്ഥലം കണ്ടെത്തി ടൗൺ പരിസരത്ത് തന്നെ ഓഫീസ് നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. മുപ്പത്തിനായിരത്തിൽ അധികം കണക്ഷനുണ്ട്. ദിവസവും ആയിരത്തിൽ അധികം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നുമുണ്ട്. പ്രസ്തുത ഓഫീസ് ടൗണിനു പൃറത്തേക്കു സ്ഥാപിക്കുമ്പോൾ ജനം ബുദ്ധിമുട്ടുമെന്നാണ് സമരക്കാരുടെ പരാതി.കളത്തിൽ ഇബ്രാഹിം എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫീസ്.പരിമിത വാടക ആനുപാതികമായി വർധിപ്പിക്കാൻ അധികൃതർ തയ്യാറാവാത്തതിനാലാണ് ഉടമ ഒഴിയാൻ ആവശ്യപ്പെട്ടത്. കെട്ടിടം ഒഴിയാൻ ഉടമ രണ്ടു വർഷം മുൻപ് ആവശ്യപ്പെട്ടിരുന്നു. ഒഴിയാത്തതിനെ തുടർന്ന് ഇദ്ദേഹം ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവ് സമ്പാദിക്കുകയായിരുന്നു.കേസ് കോടതിയുടെ പരിഗണയിലായതിനെ തുടർന്ന് കെ.എസ.ഇ.ബി.വേറെ കെട്ടിടം അന്വേഷിച്ചെങ്കിലും നിശ്ചിത വാടകയ്ക്ക് ലഭിക്കാത്തതു കാരണം ടൗണിൽ നിന്ന് മാറി 2 കിലോമീറ്ററപ്പുറത്തുള്ള തച്ചൻ കുന്നിലെ പഴയ വീട് വാടകയ്ക്ക് എടുത്തു അങ്ങോട്ട് മാറാനുള്ള ശ്രമത്തിലായിരുന്നു.ഇത് സംബന്ധിച്ച് കൗമുദി വാർത്ത നൽകിയിരുന്നു