വടകര : യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ അഴിയൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് -എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം. പതിനെട്ട് അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ് നോട്ടീസ് നല്‍കിയത് പ്രകാരം അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് നടക്കും. എല്‍.ഡി.എഫിന് മുന്നണിയിലേക്ക് മാറിയ ജനതാദള്‍ യുനൈറ്റഡിന്റെ പിന്തുണയുണ്ടെങ്കിലും നിലവിൽ ഒമ്പത് അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഭരണം അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയത്. അഴിയൂരില്‍ ജനകീയ ഭരണസമിതിയെ അട്ടിമറിക്കാന്‍ തീവ്രവാദ സംഘടനയാ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവിശ്വാസ പ്രമേയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. വര്‍ഗീയ കക്ഷിയെന്ന് ആരോപിച്ച് സി.പി.എം അകറ്റി നിര്‍ത്തിയ എസ്.ഡി.പി.ഐയെയാണ് അവര്‍ അധികാരത്തിന് വേണ്ടി കൂട്ടുപിടിക്കുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണോ ഈ അവിശുദ്ധ കൂട്ടുകെട്ടെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഭരണം ജനവിരുദ്ധമായ രീതിയില്‍ അട്ടിമറിക്കാനുള്ള ശ്രമം സി.പി.എം അണികളില്‍ ശക്തമായ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. കേരള സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഏറെ പ്രശംസ പിടിച്ചു പറ്റിയ ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കിയ ഭരണത്തിനെതിരെ ഹാലിളകിയ ഇടതുപക്ഷം കുതിരക്കച്ചവടം നടത്തുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു. ഭരണം നിലനിര്‍ത്താന്‍ എസ്.ഡി.പി.ഐയുടെ യാതൊരു സഹായവും തേടില്ലെന്ന് നേരത്തെ തന്നെ യു.ഡി.എഫ് തീരുമാനിച്ചതാണ്. എന്നാല്‍ ഇതു പോലെ സഹായം വേണ്ടെന്ന് പറയാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് യു.ഡി.എഫ് നേതാക്കള്‍ ചോദിച്ചു. സി.പി.എം-എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ 12 ന് നാല് മണിക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ ജനകീയ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചതായും യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി അയ്യൂബ്, യു.ഡി.എഫ് നേതാക്കളായ പി ബാബുരാജ്, കെ അന്‍വര്‍ ഹാജി, പ്രദീപ് ചോമ്പാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.