വടകര: ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് ഫീസ് പിന്‍വലിച്ചു. ശക്തമായ സമരവുമായി മുന്നോട്ട് പോവാന്‍ വടകരയില്‍ ചേര്‍ന്ന യു.ഡി.വൈ.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ക്കിങ് ഫീസ് പിന്‍വലിച്ചത്. എച്ച്.എം.സിക്ക് വരുമാനം ഉണ്ടാക്കാന്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി പാവങ്ങളെ പിഴിയുന്ന നിലപാട് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.വൈ.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ക്കിങ് ഫീസ് പിന്‍വലിക്കാതെ സൂപ്രണ്ടുമായി ചര്‍ച്ചയ്ക്കു പോലും തയ്യാറല്ല എന്ന് യു.ഡി.വൈ.എഫ് നിലപാടെടുക്കുകയായിരുന്നു. എച്ച്.എം.സി മുന്‍കൈയ്യെടുത്ത് നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യവും യു.ഡി.വൈ.എഫ് ഉന്നയിച്ചിരുന്നു. പാര്‍ക്കിങ് ഫീസ് പിന്‍വലിച്ച സാഹചര്യത്തില്‍ സമരവുമായി തല്‍ക്കാലം മുന്നോട്ട് പോവുന്നില്ലെന്നും ജനദ്രോഹ നടപടികള്‍ കൈക്കൊള്ളുന്ന അധികാരികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിക്കുമെന്നും യു.ഡി.വൈ.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ശുഹൈബ് കുന്നത്ത് കണ്‍വീനര്‍ അഡ്വ. പി. ടി.കെ. നജ്മല്‍ എന്നിവര്‍ അറിയിച്ചു.