വടകര : മടപ്പളളി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സാഹിത്യക്യാംപ് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമിയും വി.ടി.കുമാരന്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് സാഹിത്യ ക്യാംപ് സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന് ലോകശ്രദ്ധ നേടിയ ഗ്രേറ്റ എന്ന വിദ്യാര്‍ഥി ഉയര്‍ത്തിയ സന്ദേശം സ്മരിച്ചു കൊണ്ട് പുതിയ തലമുറയാണ് ഭൂമിയുടെ അവകാശികള്‍ എന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. വി.ടി കുമാരന്‍ പുരസ്‌കാരം കെ.വി ശരത് ചന്ദ്രന് ( വിതയ്ക്കുന്നവന്റെ ഉപമ ) ചടങ്ങില്‍ സമ്മാനിച്ചു. ടി.കെ രാജന്‍ അദ്ധ്യക്ഷനായി. 'സത്യാനന്തര കാലത്തെ സാഹിത്യം' എന്ന വിഷയത്തില്‍ ഇ.പി രാജഗോപാലന്‍ പ്രഭാഷണം നടത്തി. വി.ടി കുമാരന്റ ലേഖനങ്ങളുടെ സമാഹാരം എഞ്ചിനിയര്‍ അബ്ദുള്‍ റഹ്മാന്‍ ഏറ്റുവാങ്ങി. സി.പി അബൂബക്കര്‍, എം.എം സചീന്ദ്രന്‍, വീരാന്‍കുട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. വി.ടി മുരളി, പി.പി ദിവാകരന്‍, ദിനേശന്‍ കരുവാങ്കണ്ടി, കെ.പി ഫൈസല്‍, ടി രാജന്‍, വി.പി. പ്രഭാകരന്‍ സംസാരിച്ചു. തുടര്‍ന്ന് ഗോത്രകലയുടെ പടയണിയും അരങ്ങേറി.