വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് ഭരണത്തിനെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അംഗീകാരം. പഞ്ചായത്ത് ഹാളില്‍ ഇന്നലെ രാവിലെ ചർച്ചയ്ക്കു പിറകെ നടന്ന വോട്ടെടുപ്പിൽ എസ് ഡി പി ഐ അംഗമുൾപ്പെടെ 10 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പ്രമേയം പാസ്സായതായി പ്രഖ്യാപിക്കുകയായിരുന്നു. 18 അംഗ ഭരണസമിതിയിലെ യു.ഡി.എഫ് പക്ഷക്കാരും ആർ.എം.പി അംഗവുമടക്കം എട്ടു പേർ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു.
ഭരണസമിതിയില്‍ എല്‍.ഡി.എഫിന് ഒൻപതും യു.ഡി.എഫ്, ആര്‍.എം.പി ക്കും കൂടി എട്ടും എസ്.ഡി.പി.ഐ ക്ക് ഒരംഗവുമാണുള്ളത്. മൂന്ന് പേരുള്ള ലോക് താന്ത്രിക് ജനതാദള്‍ യു.ഡി.എഫ് വിട്ടതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബിനെതിരെ അവിശ്വാസത്തിന് കളമൊരുങ്ങിയത്. പി.പി. ശ്രീധരന്‍ (സി പി എം), വി.പി. വിജയന്‍, റീന രയരോത്ത് (എല്‍ ജെ ഡി), സഹീര്‍ പുനത്തില്‍ (എസ്.ഡി.പി.ഐ) എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. ചര്‍ച്ചയ്ക്ക് മൂന്നു മണിക്കൂര്‍ അനുവദിച്ചിരുന്നെങ്കിലും അര മണിക്കൂര്‍ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്തി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രമേയചര്‍ച്ചയ്ക്ക് 10 അംഗങ്ങൾ അനിവാര്യമായിരുന്നു. ഒൻപത് ഇടതുമുന്നണി അംഗങ്ങൾ ഒപ്പ് വെച്ച അവിശ്വാസപ്രമേയത്തെ ഏക എസ്.ഡി.പി.ഐ പ്രതിനിധി കൂടി അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ പ്രമേയം പാസായതായി നടപടികള്‍ നിയന്ത്രിച്ച വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. രജിത പ്രഖ്യാപിച്ചു.
ഇടത് മുന്നണിയ്ക്ക് അനുകൂലമായി എസ്.ഡി.പി.ഐ അംഗം വോട്ട് രേഖപ്പെടുത്തിയതിലൂടെ സി.പി.എം - എസ്.ഡി.പി.ഐ രഹസ്യ ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എന്നാല്‍, യു.ഡി.എഫ് ദുര്‍ഭരണത്തിനെതിരെ ഒൻപത് അംഗങ്ങള്‍ ചേർന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നതാണെന്നും പ്രമേയത്തെ ആര്‍ക്കും അനുകൂലിക്കാവുന്നതാണെന്നും ഇടതുമുന്നണി നേതാക്കൾ പറഞ്ഞു. എസ്.ഡി.പി.ഐ യുമായി മുന്നണിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.