കുറ്റ്യാടി: പുതിയ കാലത്തെ സാമൂഹ്യ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും ബഹുസ്വര ജീവിതത്തിന്റെ പ്രാധാന്യം വിളിച്ചോതിയും ഒരു ഗ്രാമത്തിലെ ഒരായിരം പേർ ഒത്തു കൂടി ." ഒരു നാട് ഒരു ദിനം ഒന്നിച്ചിരിക്കുന്നു" എന്ന സന്ദേശവുമായി വേളം ശാന്തിനഗർ നിവാസികളാണ് " ചേർച്ച 2019 " എന്ന ബാനറിൽ ഒത്തുചേർന്നത്. ശാന്തിനഗർ പ്രദേശത്തെ മുഴുവൻ ആളുകളും ജാതി മത ചിന്തകൾക്ക് അതീതമായി ഒരു ദിവസം മുഴുവനാണ് വിവിധ വിനോദ, വിഞ്ജാന പരിപാടികൾ കണ്ടും കേട്ടും ആസ്വദിച്ചത് . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, നാടൻ കായിക മത്സരങ്ങൾ, സാംസ്കാരിക ഘോഷയാത്ര, സമൂഹ സദ്യ തുടങ്ങിയവ ഒത്തു ചേരലിന് കൊഴുപ്പേകി. സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് വി.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അൻകിത് അശോകൻ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. വിവിധ സെഷനുകളിൽ രംഗീഷ് കടവത്ത്, ഡോ: ജോൺസൺ ജോർജ്ജ്, ബഷീർ തിക്കോടി, ശ്രീജിത്ത് വിയ്യൂർ എന്നിവർ പ്രഭാഷണം നടത്തി. ഫൗസിയ പൈക്കാട്ട്, എം.ഗോപാലൻ, പി.കെ.സജീവൻ, ആർ.പി.നദീർ ,ഒ.കെ.ഹാരിസ്, പി.കെ.കുഞ്ഞബ്ദുള്ള, താര റഹിം, പി.കെ.സാജിദ, ഷിജില ഹരീഷ്, നാസർ എടവലത്ത്, സി.എം.വിജേഷ്, ഇ.എം.സുരേന്ദ്രൻ, മൊയ്തു മൗലവി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മതനേതാക്കളും, ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.