കടലുണ്ടി : ശാരീരിക പ്രയാസങ്ങൾ കാരണം മറ്റു ജോലികൾ ചെയ്യാൻ പ്രയാസം അനുഭവിക്കുന്നവർ ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായ മഞ്ചാടി ക്രോപ്‌സ് കടലുണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. കടലുണ്ടി പഞ്ചായത്ത് ഓഫീസിനും മുൻവശമുള്ള അലിഫ് ബിൽഡിങ്ങിൽ എംഎൽഎ വി കെ സി മമ്മദ് കോയയാണ് മഞ്ചാടി ക്രോപ്സ് ഉദ് ഘാടനം ചെയ്‌തത്. ഇന്നത്തെ സമൂഹത്തിൽ പേരിനും പ്രശസ്തിക്കും വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് കൂടുതൽ എന്നും എന്നാൽ എന്നാൽ നിശബ്ദരായി നിന്നുകൊണ്ട് പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നടത്തുന്ന മഞ്ചാടി ക്രോപ്‌സ് ന്റെ ഉദ്യമം പ്രശംസ അർഹിക്കുന്നു എന്നും ആദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, പാലക്കാട് കേന്ദ്രമായുള്ള യൂണിവേഴ്‌സ് ഹാന്ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പാക്സ് ലിമിറ്റഡിന്റെ അംഗീകൃത ഏജൻസിയായണ് മഞ്ചാടി ക്രോപ്‌സ് പ്രവർത്തിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള ഭിന്നശേഷിക്കാർ നിർമിക്കുന്ന വിവിധ ഉൽപന്നങ്ങൾ ഇവിടെ ലഭിക്കും. വ്യത്യസ്‍ത തരത്തിലുള്ള കുടകൾ, തുണി സഞ്ചി, കോട്ടൺ മാറ്റ് , കോട്ടൺ ഗ്രോ ബാഗ് , പേപ്പർ വിത്ത് പേന , വിത്ത് ബാഗ് , കര കൗശല ഉൽപന്നങ്ങൾ ശുദ്ധമായ തേൻ , പാള കൊണ്ടുള്ള വിവിധ തരം പ്ളേറ്റുകൾ, മൺ ഗ്ലാസുകളും കരകൗശല വസ്തുക്കളും തുടങ്ങീ മുപ്പത്തോളം ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂളിൻറെ 1992 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച മഞ്ചാടി കോ ഓപ്പറേറ്റിവ് സൈസൈറ്റിയുടെ കീഴിലുള്ള സംരംഭമാണ് മഞ്ചാടി ക്രോപ്‌സ് . ജനിതക ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രക്യതി സൗഹ്യദ ഉൽപന്നങ്ങൾ വിലകുറച്ചു എത്തിക്കുന്നതിലൂടെ വിപണിയിലെ ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നു. അവശത അനുഭവിക്കുന്നവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തിൽ യാതൊരു വിധ ലാഭോച്ചയും ഇല്ലാതെയാണ് മഞ്ചാടി ക്രോപ്‌സ് പ്രവർത്തിക്കുക. ഭാവിയിൽ പ്രാദേശിക തലത്തിൽ പരിശീലനം നൽകി നിർമാണ കേന്ദ്രമായും മഞ്ചാടി പ്രവർത്തിക്കും. പരിപാടിയിൽ , ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ പ്രധാന അദ്ധ്യാപകൻ എ അബ്ദുൽ റഹ്മാൻ , വി കെ സി മമ്മദ് കോയയെ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ബിച്ചിക്കോയ , ദിനേശ് ബാബു അത്തോളി , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷണ്മുഖൻ പിലാക്കാട്ട്, മെമ്പർ ഷാഹിന , സ്‌കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ ജോയന്റ് സെക്രട്ടറി കെ പി അഷ്‌റഫ് , 1992 പ്രതിനിധികളായ ആബിദ സി എം , സോനാ പ്രദീപ് , യൂസഫ് വെള്ളോടത്തിൽ , റഊഫ് മേലത്ത്, സക്കറിയ എന്നിവർ സംബദ്ധിച്ചു.