പേരാമ്പ്ര : പേരാമ്പ്ര ഉപജില്ല ജൂഡോ മത്സരം യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെ അറിയിക്കാതെ നടത്തിയതായി പരാതി. ഇന്നലെ പാലേരി വെച്ചാണ് മത്സരം നടത്തിയതെന്നും യോഗ്യത നേടിയ 15 ഓളം വിദ്യാര്‍ത്ഥികളെ മത്സര വിവിരം അറിയിക്കാതെ നാലോ അഞ്ചോ പേര്‍ക്ക് വേണ്ടിയാണ് മത്‌സരം നടത്തിയതെന്നാണ് പരാതി. അവസരം ലഭിക്കാതെ പോയ വിദ്യാര്‍ത്ഥികളിലേറെയും കഴിഞ്ഞ തവണ ജില്ല, സംസ്ഥാന തലത്തില്‍ മത്സരിച്ചവരാണ്. പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂര്‍, വാകയാട്, നൊച്ചാട്, പേരാമ്പ്ര, അവിടനല്ലൂര്‍ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് അവസരം ലഭിച്ചില്ലെന്ന പരാതിയുമായി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ എത്തിയത്. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരം, വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് എത്തിയപ്പോള്‍ മാറ്റിവെച്ചതായ് അറിയിക്കുകയായിരുന്നെന്നും മത്സരം നടത്തുന്ന വിവരം വിദ്യാര്‍ത്ഥികളെ അറിയിച്ചെില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ പഠനത്തിനും, പിഎസ്‌സി ഉള്‍പ്പെടെ ഗ്രസ് മാര്‍ക്ക് ലഭിക്കുന്ന മത്സരം വീണ്ടും നടത്തി ഇവര്‍ക്കു കൂടി അവസരം ലഭ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രുപം നല്‍കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ മുഴുവന്‍ വിദ്യാലയങ്ങളിലും വിവരം അറിയിച്ച ശേഷമാണ് മത്സം നടത്തിയയെന്ന് കായികമേളയുടെ ചുമതലയുള്ളവര്‍ അറിയിച്ചു. വ്യാഴാഴ്ച കുറ്റ്യാടിയില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ച മത്സരം ചില അസൗകര്യങ്ങള്‍ കാരണം മാറ്റുകയായിരുന്നെന്നും എല്ലാ സൗകര്യവും ഒരുക്കിയാണ് മത്സരം നടത്തിയയെന്നും അറിയിച്ചു. വിദ്യാര്‍ത്ഥികര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ തമ്മിലുള്ള മത്സരമാണ് പരാതിക്ക് പിന്നിലെന്ന് കരുതുന്നതായി സംഘാടകര്‍ പറയുന്നു .