കുന്ദമംഗലം: പഴയ കാലത്തെ കുറിക്കല്യാണം മലയമ്മയിൽ ഒരിക്കൽകൂടി പുനർജനിച്ചു. മലയമ്മയിലെ നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹ ധനശേഖരണത്തിനായാണ് യുവജന കൂട്ടായ്മ ജനകീയ ചായ സൽക്കാരം നടത്തിയത്. ഈന്ത് പട്ടകൾ കൊണ്ടലങ്കരിച്ചു കെസ്സു പാട്ടുകളുടെ ഈണത്തിൽ മലയമ്മ സ്കൂളിന് സമീപം നടന്ന പരിപാടിയിലേക്ക് സംഘാടകരുടെ കണക്ക് കൂട്ടലുകളെ തെറ്റിച്ച് കൊണ്ട് വൃക്തികളും സ്ഥാപനങ്ങളും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളായും സ്കൂൾ പൂർവ വിദ്യാർഥി സംഘങ്ങളായും സഹായങ്ങൾ ഒഴുകിയെത്തിയതോടെ ഒരു സഹോദരിയുടെ മംഗല്യ സ്വപ്നം യാഥാർത്ഥ്യമായതായി സംഘാടകർ പറഞ്ഞു. കൂടാതെ മലയമ്മ വഴി സർവ്വീസ് നടത്തുന്ന രേവതിയെന്ന സ്വകര്യ ബസ്സിന്റെ ഒരു ദിവസത്തെ വരുമാനം കുറിക്കല്യാണത്തിന് നൽകിയതും കൗതുകമായി. വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ അമരത്തിരിക്കുന്ന ഷെരീഫ് മലയമ്മ, മിദ് ലാജ് കമ്പനി മുക്ക്, കുഞ്ഞിമരക്കാർ മലയമ്മ ജബ്ബാർ മലയമ്മ, ഹാരിസ് വെണ്ണക്കോട്, ശ്രീകാന്ത്, ആരിഫ് പാലിയിൽ തുടങ്ങിയവരുടെ നേതൃത്വത്തലാണ് ചായസൽക്കാരം സംഘടിപ്പിച്ചത്.