കോഴിക്കോട്:ഒന്നര വയസുകാരി ആൽഫൈന്റെ കൊലപാതകം എങ്ങനെയായിരുന്നുവെന്ന് തെളിയിക്കുന്ന സുപ്രധാന സാക്ഷിമൊഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ആൽഫൈന് കഴിക്കാനുള്ള ബ്രഡ് ഇറച്ചിക്കറിയിൽ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയിൽ കൊടുക്കുന്നത് കണ്ടുവെന്നാണ് സാക്ഷിമൊഴി. ഈ ബ്രഡ് സഹോദരി ആൽഫൈനു നൽകുകയായിരുന്നു. സഹോദരിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ബ്രഡ് കഴിച്ച് രണ്ടു സെക്കൻഡിനുള്ളിൽ കുട്ടിയുടെ കണ്ണ് പിറകിലേക്കു മറിയുന്നതും സഹോദരിയുടെ മടിയിൽ നിന്നു കുട്ടി വീഴുന്നതും കണ്ടുവെന്ന് മൊഴിയിലുണ്ട്.
ആൽഫൈന്റെ സഹോദരന്റെ ആദ്യ കുർബാനയുടെ സദ്യയ്‌ക്കിടയിലായിരുന്നു സംഭവം. അന്ന് ചടങ്ങിൽ പങ്കെടുത്ത സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയത്. കേസ് തെളിയിക്കുന്നതിൽ ഈ മൊഴി പൊലീസിനു വലിയ പിന്തുണയാകും.
ആൽഫൈന് ബ്രെഡിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയതാണെന്നു കഴിഞ്ഞ ദിവസം ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ആൽഫൈന് കഴിക്കാൻ എടുത്തുവെച്ച ബ്രെഡിൽ തന്ത്രപരമായാണു ജോളി സയനൈഡ് പുരട്ടിയത്. ഷാജുവിന്റെ സഹോദരിയെ അവിടെ നിന്നു മാറ്റിയിട്ടാണ് ബ്രെഡിൽ സയനൈഡ് പുരട്ടിയത്. ഇതൊന്നുമറിയാതെ സഹോദരി ബ്രെഡ് ആൽഫൈനു നൽകി.
ആൽഫൈനു താൻ സയനൈഡ് പുരട്ടിയ ഭക്ഷണം നൽകിയില്ലെന്നാണ് ജോളി ആദ്യം ചോദ്യെ ചെയ്‌തപ്പോൾ പറഞ്ഞത്. തെളിവെടുപ്പ് വേളയിലും ഇത് ആവർത്തിച്ചു. ഷാജുവിന്റെ സഹോദരിയാണ് കുട്ടിക്ക് ഭക്ഷണം നൽകിയതെന്നും പറഞ്ഞു. എന്നാൽ ശനിയാഴ്ച പകൽ നടന്ന ചോദ്യം ചെയ്യലിൽ ആൽഫൈന്റെ ഭക്ഷണത്തിൽ സയനൈഡ് പുരട്ടിയത് താൻ തന്നെയാണെന്നു ജോളി സമ്മതിക്കുകയായിരുന്നു.