കോഴിക്കോട്: മൂല്യ വർധിത നികുതി നിയമം കാലഹരണപ്പെട്ട് ജി.എസ്.ടി. നികുതി നിയമം വന്നു രണ്ടു വർഷം കഴിഞ്ഞിട്ടും വ്യാപാരികൾക്ക് ഇരുട്ടടി തുടരുന്നു. പഴയവാറ്റ് നിയമ പ്രകാരമുള്ള നികുതി നിർണയം നടപ്പിലാക്കുന്ന വിധത്തിൽ പലർക്കുംനോട്ടീസ് ലഭിക്കുകയാണ് ഇപ്പോൾ.

കാലഹരണപ്പെട്ട വാറ്റ് നിയമം കൈവിടാൻ കേരളത്തിലെ നികുതി വകുപ്പ് തയ്യാറാകാത്തതാണ് ഇതിനു കാരണം. വാണിജ്യ നികുതി വകുപ്പ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ചു യാതൊരു അടിസ്ഥാനവും തത്ത്വ ദീക്ഷയും ഇല്ലാതെ ടൈം ബാർ കഴിഞ്ഞ വർഷത്തെ കണക്കുകൾ പോലും വീണ്ടും പരിശോധനക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ് .

വ്യാപാരമാന്ദ്യവും ആഗോള സാമ്പത്തിക തകർച്ചയും ഗൾഫുനാടുകളിൽ നിന്നു വൻതോതിലുള്ള തിരിച്ചുവരവും കാരണം അടച്ചുപൂട്ടലിന്റെയും ആത്മഹത്യയുടേയും വക്കിലുള്ള കച്ചവട സ്ഥാപനങ്ങൾക്കാണ് ഇരുട്ടടി പോലെ വൻ നികുതിബാധ്യതക്കുള്ള നോട്ടീസുകൾ അയക്കുന്നത്. ചിലർക്ക് ലക്ഷങ്ങളുടെ കുടിശ്ശിക ഉണ്ടെന്നാണ് നോട്ടീസ്.

കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും വാറ്റ് നിയമം എടുത്തു കളഞ്ഞു ചരക്കുസേവന നികുതി നിയമത്തിൽ ശ്രദ്ധിക്കുമ്പോൾ ഇവിടെ കാലഹരണപ്പെട്ട വാറ്റ് നിയമം ഉപയോഗിച്ച് 2011മുതലുള്ള കണക്കുകൾ പരിശോധനക്ക് വിളിച്ചു വൻ നികുതി ബാദ്ധ്യത ഉണ്ടാക്കി വ്യാപാര സമൂഹത്തെ വേട്ടയാടുകയാണെന്ന് വ്യാപാരികൾ പറയുന്നു.

ജി. എസ്. ടി യിൽ എല്ലാം ഓൺലൈൻ ആയതിനാൽ കൈകൂലിക്കുള്ള സാധ്യത വിരളമാണ്. എന്നാൽ വാറ്റിന്റെ പേരിൽ ഒരു നോട്ടീസ് നൽകിയാൽ പിറകെ കൈകൂലി വരും എന്നത് കൊണ്ട് ഉദ്യോഗസ്ഥർ ഇപ്പോഴും വാറ്റ് വച്ച് നോട്ടീസ് അയക്കുകയാണ്. ഈ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെടണമെന്ന് വ്യാപാരി സമൂഹം അവശ്യപ്പെടുന്നു.

മൂല്യവർദ്ധിതനികുതി നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ മാസറിട്ടേണുകളും വാർഷികറിട്ടേണുകളും കൃത്യമായി നൽകുകയും അവയൊക്കെ അംഗീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥർ വ്യാപാരികളെ ഉപദ്രവിക്കാൻ വേണ്ടി വീണ്ടും കണക്കുകൾ ഹാജരാക്കാനും ലക്ഷങ്ങൾ നികുതി അടക്കാനും ആവശ്യപ്പെട്ട് നോട്ടീസുകൾ അയക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര കുറ്റപ്പെടുത്തി.

സാമാന്യ നീതിയ്ക്ക് നിരക്കാത്ത ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലെങ്കിൽ സംസ്ഥാന വ്യാപകമായി നികുതി നിഷേധമുൾപ്പെടെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.