മീനങ്ങാടി: പണവുമായി മൈസൂരിൽ നിന്നു വരികയായിരുന്ന വയനാട് സ്വദേശികളായ യുവാക്കളെ ദേശീയ പാതയിൽ വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ച് വാഹനവും 17 ലക്ഷം രൂപയുമായി കടക്കാൻ ശ്രമിച്ച 15 അംഗ അന്തർജില്ലാ ഹൈവേ കവർച്ച ക്വട്ടേഷൻ സംഘത്തിലെ 14 പേരെ പൊലീസ് പിടികൂടി. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസേത്തേക്ക് റിമാൻഡ് ചെയ്തു.
മൈസൂരിൽ നിന്ന് സ്വർണ്ണം വിറ്റ പണവുമായി വരികയായിരുന്ന വയനാട് പരിയാരം ചെലഞ്ഞിച്ചാൽ സ്വദേശിയായ കളംപ്പാട്ടി വീട്ടിൽ മുഹമ്മദ് ജഷ്ബിർ (26), കാവുമന്ദം സ്വദേശിയായ പാറക്കണ്ടി വീട്ടിൽ ജറിഷ്(32) എന്നിവരെയാണ് തിങ്കളാഴ്ച്ച രാത്രി 9.30 ന് മീനങ്ങാടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കുട്ടിരായിൻ പാലത്തിനടുത്ത് ദേശീയ പാതയിൽ വെച്ച് കാർ തടഞ്ഞ് കവർച്ച നടത്തിയത്. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈവേ കവർച്ച ക്വട്ടേഷൻ സംഘം നാലു വാഹനങ്ങളിലായി പിന്തുടർന്ന് യുവാക്കളുടെ കാറിന് കുറുകെ ഇട്ട് വാഹനത്തിൽ നിന്ന് വലിച്ചിറക്കി മാരകയുധങ്ങളുമായി മർദ്ദിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് കാറും പണവുമായി രക്ഷപ്പെടുകയുമായിരുന്നു. കാക്കവയൽ തെനേരിയിൽ എത്തിയപ്പോൾ വാഹനം മറ്റൊരു ബൈക്കിൽ ഇടിച്ച് കേടുപാട് സംഭവിച്ചപ്പോൾ വാഹനം ഉപേക്ഷിച്ച് പണവുമായി രക്ഷപ്പെട്ട 15 അംഗ സംഘത്തിലെ രണ്ട് പേരെ നൈറ്റ് പട്രൊളിംഗ് ശക്തമാക്കി ചൊവ്വാഴ്ച്ച പുലർച്ചെ തന്നെ വാഹനം സഹിതം കൊളവയലിൽ വെച്ച് പിടികൂടി. അവരിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.
റിമാൻഡിലായ പ്രതികൾ തൃശ്ശൂർ സ്വദേശികളായ മുല്ലക്കൽ വീട്ടിൽ സുധാകരൻ (39), തിരുവഞ്ചികുളം വീട്ടിൽ രാഹുൽ(28), മുല്ലശ്ശേരി വീട്ടിൽ ദിലി(27) പെട്ടശ്ശേരി വീട്ടിൽ നിതീഷ് എന്ന ചേരൂർ നിതീഷ്(29), പള്ളത്തേരി വീട്ടിൽ അഭിലാഷ് അന്ന മാമു അഭിലാഷ്(32), കണ്ണുകാടൻ വീട്ടിൽ സായൂജ്(28), കാളിയൻങ്ങര വീട്ടിൽ സജിത്തകുമാർ്(33), കരിപ്പകുളം വീട്ടിൽ നിഷാദ് (27) കുളങ്ങരപറമ്പിൽ വിഷുണു എന്ന സലിം അബ്ദുള്ള(27), തറക്കൽ വീട്ടിൽ വിപിൻ(26), തണ്ടിയേക്കൽ പറമ്പിൽ വീട്ടിൽ ജിജേഷ്(42), പയ്യംമ്പള്ളി വീട്ടിൽ റിജോ(30) വിപിൻ എന്ന അപ്പൂസ്(26) ചലക്കൽ വീട്ടിൽ മനു(26). തൃശ്ശൂർ സ്വദേശി നിസാബാണ്(44) ഇനി പിടികൂടാനുള്ള പ്രതി. പ്രതികളിൽ പലരും ഇതിനു മുമ്പും സമാനമായ കവർച്ച നടത്തിയവർ ആണ്. പ്രതികളിൽ മുല്ലക്കര സുധാകരൻ തൃശ്ശൂർ ജില്ലയിൽ ഒരു കൊലപാതക കേസിലും പാലക്കാട് തൃശ്ശൂർ ജില്ലകളിൽ കവർച്ച കേസുകളിലും പ്രതിയാണ്.
സുധാകരനും രാഹുലും പിടികൂടനുള്ള നിസാബും സമാനമായ കേസുകളിൽ പാലക്കാട് തൃശ്ശൂർ ജില്ലകളിൽ പ്രതികളാണ്.
ജില്ലയിലെ സ്വർണ്ണകടകളിൽ നിന്ന് പഴയ സ്വർണ്ണാഭരണങ്ങൾ വാങ്ങി മൈസൂരിൽ കൊണ്ടുപോയി വിൽപന നടത്തുന്ന ബിസിനസ് ആണെന്നാണ് പരാതിക്കാരായ യുവാക്കൾ പറയുന്നത്. അങ്ങനെ സ്വർണ്ണം വിറ്റ 17 ലക്ഷത്തോള്ളം രൂപയാണ് കൈയിലുണ്ടായിരുന്നത്.
ജില്ലാ പോലീസ് മേധാവി കറുപ്പസാമിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കൽപ്പറ്റ ഡിവൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തിൽ മീനങ്ങാടി ഇൻസ്‌പെക്ടർ അബ്ദുൽ ഷെരിഫും പാർട്ടിയും വൈത്തിരി ഇൻസ്‌പെക്ടർ പ്രവീൺ കുമാറും ചേർന്നാണ് പ്രതികളെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ ഇനി പിടികൂടാനുള്ള പ്രതിയെ എത്രയും പെട്ടന്ന് പിടികൂടുമെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.