joli
koodathayi murder, joli, shaju, police, arest, girls, kozhikode, crime,

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി കോടതി 18 ന് വൈകിട്ട് 4 മണി വരെ നീട്ടി. 19 ന് ജാമ്യാപേക്ഷ പരിഗണിക്കും.

ആറു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുമ്പായി ഇന്നലെ വൈകിട്ട് 4.50നാണ് ഒന്നാംപ്രതി ജോളി ജോസഫിനെയും രണ്ടും മൂന്നും പ്രതികളായ എം.എസ് മാത്യു, പ്രജികുമാർ എന്നിവരെയും അന്വേഷണസംഘം താമരശ്ശേരി ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ എത്തിക്കുന്നത് കാണാൻ കോടതി പരിസരത്ത് ജനം തടിച്ചുകൂടിയിരുന്നു. ഇവരെ കൊണ്ടുവന്നതും കൂവിവിളി നീണ്ടു.മൂന്നു ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രജികുമാർ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ വച്ചാണെന്നും അവിടെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിനെ പ്രതിഭാഗം അഭിഭാഷകർ എതിർത്തു. ഒന്നാംപ്രതി ഒരു സ്ത്രീയാണെന്ന പരിഗണന അർഹിക്കുന്നുണ്ടെന്നും രാവും പകലും ചോദ്യം ചെയ്തുകഴിഞ്ഞെിരിക്കെ ഇനിയും കസ്റ്റഡിയിൽ വിടരുതെന്നും അവർ വാദിച്ചു. അത് തള്ളിയ കോടതി പ്രതികളെ രണ്ടു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

അതിനിടെ, ജോളിയ്ക്ക് വേണ്ടി ആളൂർ അസോസിയേറ്റ്സ് ജാമ്യാപേക്ഷ സമർപ്പിച്ചു. ജോളി കുറ്റം സമ്മതിച്ചത് പൊലീസ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതു മൂലമാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നിരിക്കെ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന് ജോളിയോട് മജിസ്ട്രേട്ട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി.മറ്റു രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തെ സമർപ്പിച്ചിരുന്നു.മൂന്നാംപ്രതി പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് കോടതി പത്ത് മിനിട്ട് സമയം അനുവദിച്ചു.