a
കുറ്റ്യാടി ഗവ: ആശുപത്രി പരിസരത്തെ തകർന്ന സംസ്ഥാന പാതയുടെ ഒരു ഭാഗം .

കുറ്റ്യാടി: കുറ്റ്യാടി, നാദാപുരം സംസ്ഥാന പാതയിലെ വടകര താലൂക്ക് സർക്കാർ ആശുപത്രിയുടെ രണ്ടാം കവാടത്തിന് മുന്നിലായി പൊട്ടി തകർന്ന് കുഴിയായി രൂപാന്തരപ്പെട്ട റോഡ് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.

റോഡിന്റെ മദ്ധ്യഭാഗത്താണ് കരിങ്കൽ ചീളുകൾ തെന്നിമാറി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ പരിസര പ്രദേശങ്ങളിൽ നിന്നും മറ്റും ഒഴുകി എത്തിയ മഴവെള്ളം ഓവ് ചാലിൽ ഒഴുകി എത്താതെ കെട്ടി കിടക്കുകയും റോഡിന്റെ കെട്ടുറപ്പിനെ ബാധിക്കുകയും ചെയ്യുന്നതാണ് തകർച്ചയ്ക്ക് കാരണമാവുന്നത് .

ആശുപത്രി കവാടത്തിന്ന് മുൻവശമായതിനാൽ ഇവിടെ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും റോഡിന്റെ മറുവശത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ ഷോപ്പുകളിലും ലാബുകളിലും മറ്റ് സ്ഥാപനങ്ങളിലേക്കും പോകാൻ ഏറെ കഷ്ടപ്പെടുകയാണ്. നൂറ് കണക്കിന്ന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന ഹൈവേ ആയതിനാൽ തന്നെ ഉണ്ടാവുന്ന തിരക്കിൽ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് അപകട സാദ്ധ്യതയ്ക്ക് കാരണമാവുകയാണ്.