koodathayi

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ അടുത്ത കൂട്ടുകാരി റാണി വടകരയിലെ റൂറൽ എസ്.പി ഓഫീസിൽ ഇന്നലെ നേരിട്ട് ഹാജരായി. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഇവർ കൊയിലാണ്ടിയിലെ വീട്ടിൽ നിന്ന് തലശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇന്നലെ രാവിലെ അവിടെ നിന്ന് രണ്ടു ബന്ധുക്കളുമൊത്താണ് എസ്.പി ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തു.

ദിവസങ്ങൾക്കു മുമ്പ് ജോളിയുടെ മൊബൈൽ ഫോൺ മകൻ റോമോ അന്വേഷണ സംഘത്തിന് കൈമാറിയതോടെയാണ് റാണിയുമായുള്ള ഉറ്റബന്ധത്തിന്റെ സൂചന ലഭിക്കുന്നത്. ഫോണിലെ ഫോട്ടോ ഗാലറിയിൽ ജോളിയും റാണിയും ഒന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ എൻ.ഐ.ടിയിൽ നടന്ന കലോത്സവത്തിലും റാണി ജോളിക്കൊപ്പം എത്തിയിരുന്നു. എൻ.ഐ.ടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി വേദിയിൽ നിൽക്കുന്ന ചിത്രവും പൊലീസിനു ലഭിച്ചു.

എൻ.ഐ.ടിക്കടുത്തുള്ള തയ്യൽ കടയിൽ റാണി ജോലി ചെയ്തിരുന്നെന്നും അവിടെ വച്ച് കണ്ടുള്ള പരിചയമാണെന്നുമാണ് ജോളി പൊലീസിനോട് പറഞ്ഞത്. പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനെത്തിച്ച് തിരിച്ച് രാത്രി വടകരയിലേക്ക് കൊണ്ടുപോകും വഴി ജോളി തയ്യൽ കട പൊലീസിന് കാണിച്ചു കൊടുത്തിരുന്നു. അടുത്ത ദിവസം പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ കട കുറച്ചുകാലമായി പൂട്ടിക്കിടക്കുകയാണെന്ന് മനസിലായി. റാണിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയതിനിടെയാണ്

ഇന്നലെ എസ്.പി ഓഫീസിൽ ഹാജരായത്.