കോഴിക്കോട്: എൻ.എച്ച് 766ലെ രാത്രിയാത്രാ നിരോധനമുൾപ്പെടെ മലബാറിലെ യാത്രാപ്രശ്‌ന പരിഹാരത്തിന് കേന്ദ്രമന്ത്രിമാരും വകുപ്പ് മേധാവികളും അനുകൂലനിലപാട് അറിയിച്ചതായി മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു നിവേദകസംഘം ഡൽഹിയിൽ എത്തി ഒക്ടോബർ ആറു മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർക്കും മേധാവികൾക്കും നിവേദനം നൽകി നടത്തിയ ചർച്ചയിലൂടെയാണ് അനുകൂലനിലപാട് അറിയിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
2015ൽ നിറുത്തലാക്കിയ എയർ ഇന്ത്യ എമിറേറ്റസ് കോഡ് ഇ വിമാനങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയതാണെന്നും അടുത്ത ദിവസം തന്നെ സർവീസ് നടത്തുമെന്നും വകുപ്പ് മേധാവികൾ അറിയിച്ചു. ഷൊർണ്ണൂർ മംഗലാപുരം മെമു സർവീസ് ഉടൻ ആരംഭിക്കും. മംഗലാപുരം യശ്വന്ത്പൂർ പ്രതിവാര വണ്ടി ആഴ്ചയിൽ മൂന്ന് ദിവസമാക്കും. കണ്ണൂർ യശ്വന്ത്പൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ആരംഭിക്കുന്നത് പരിഗണിക്കുമെന്നും ബന്ധപ്പെട്ട മേധാവികൾ ഉറപ്പു നൽകിയിട്ടുണ്ട്.
എൻ.എച്ച് 766ലെ രാത്രി നിരോധന വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ഫലപ്രദമായ ബദൽ സംവിധാനങ്ങൾ ഒരുക്കി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും കൂട്ടിചേർത്തു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡന്റ് എം.വി മാധവൻ, എം.വി കുഞ്ഞാമു, ടി.എം റഷീദ്, പി വേണുഗോപാൽ, ഷംസുദ്ദീൻ മുണ്ടോളി, കുന്നോത്ത് അബൂബക്കർ എന്നിവർ പങ്കെടുത്തു.