കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളിയെ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് വടകര കോസ്റ്റൽ പൊലീസ് സി.ഐ ബി.കെ. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസിൽ അറസ്റ്റിന് താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അനുമതി നൽകിയിരുന്നു. ആദ്യ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാൻഡിലായതിന് തൊട്ടു പിറകെയാണ് പൊലീസെത്തിയത്. രണ്ടാം കേസിൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹർജി നൽകും. തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലിനാണ് കേസിന്റെ മേൽനോട്ടച്ചുമതല .
ജോളിക്കൊപ്പം റിമാൻഡിലുള്ള കേസിലെ രണ്ടും മൂന്നും പ്രതികളായ എം.എസ്. മാത്യുവിന്റെയും പ്രജികുമാറിന്റെയും അറസ്റ്റിന് അനുമതി തേടി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
സിലിയുടെ ഭർത്താവ് ഷാജുവിനെ സ്വന്തമാക്കാൻ താമരശ്ശേരിയിലെ ഡെന്റൽ ക്ളിനിക്കിൽ വച്ച് കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയെന്നും മരണം ഉറപ്പാക്കാൻ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ, പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അതിനിടെ, പ്രതികളുമായി അവരുടെ അഭിഭാഷകർ സംസാരിച്ചത് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഇത് പാടുള്ളൂവെന്ന് കോടതി ഓർമ്മിപ്പിച്ചു.
ജില്ലാ ജയിലിലേക്ക് കൊണ്ടുവന്നപ്പോൾ മാദ്ധ്യമപ്രവർത്തകർ ജോളിയുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.