കോഴിക്കോട്: ശരിയായ രീതിയില്‍ നീതി നിർവഹണം കൂടുതല്‍ കോടതികള്‍ അനുവദിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് പറഞ്ഞു.

പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ് - മജിസ്ട്രേട്ട് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ 600 ഓളം കേസുകള്‍ കെട്ടികിടക്കുന്നുണ്ട്. താമരശേരിയില്‍ പുതിയ കോടതി ആരംഭിച്ചതോടെ ഇതില്‍ പലതും ഇവിടേക്ക് മാറ്റാനാകും. വ്യവഹാരികള്‍ക്ക് കേസുകള്‍ക്കായി കോഴിക്കോടിനെ ആശ്രയിക്കേണ്ടതിനും ആശ്വാസമാകും. താമരശേരിയില്‍ മുന്‍സിഫ്-മജിസ്ട്രേട്ട് കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തിലെ നാഴികകല്ലാണ് . താമരശേരിയില്‍ മോട്ടോര്‍ ആക്സിഡന്റ് ട്രിബ്യുണല്‍ ക്യാമ്പ് സിറ്റിംഗ് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും - അദ്ദേഹം പറഞ്ഞു. .
താമരശേരിയില്‍ രണ്ട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് മുന്‍സിഫ്-മജിസ്ട്രേട്ട് കോടതിയായി മാറിയത്. മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 വില്ലേജുകളിലെ സിവില്‍ കേസുകളാണ് പുതിയ കോടതിയുടെ പരിധിയില്‍ വരിക.
താമരശേരി കോര്‍ട്ട് കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കാരാട്ട് റസാക്ക് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എ ജി സതീഷ്‌കുമാര്‍, താമരശേരി മുന്‍സിഫ് മജിസ്ട്രേട്ട് എം അബ്ദുല്‍റഹിം, മുന്‍ എംഎല്‍എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, താമരശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ ടി രാജു, അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി ആര്‍ ജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.