കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിക്ക് കീഴില്‍ വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാടുവെട്ട് യന്ത്രം, പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, ട്രാക്ടര്‍, സസ്യ സംരക്ഷണ ഉപകരണങ്ങള്‍, കൊയ്ത്തുമെതിയന്ത്രം തുടങ്ങിയവ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പരമാവധി 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൃഷി യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്റര്‍) ആരംഭിക്കുന്നതിന് 40 ശതമാനം മുതല്‍ 80 ശതമാനം സാമ്പത്തികാനുകൂല്യം ലഭിക്കും. ഗ്രാമീണ സംരംഭകര്‍, കര്‍ഷകര്‍, കര്‍ഷക സ്വയം സഹായസംഘങ്ങള്‍, കാര്‍ഷിക ഉല്പാദക സംഘങ്ങള്‍, കര്‍ഷക സഹകരണ സംഘങ്ങള്‍ തുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകള്‍ക്കനുസരിച്ച് സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കും. ഗുണഭോക്തൃ രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, യന്ത്രങ്ങളെയും ഡീലറേയും തിരഞ്ഞെടുക്കല്‍, സബ്‌സിഡി വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് ചെയ്യേണ്ടത്. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയാണ് സബ്‌സിഡി പരിഗണിക്കുക. വെബ്‌സൈറ്റില്‍ ലഭ്യമായ നിര്‍മ്മാതാക്കളും ഡീലര്‍മാരുമായി യന്ത്രങ്ങളുടെ വില താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കില്‍ യന്ത്രസാമഗ്രികള്‍ സ്വന്തമാക്കാന്‍ സാധിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 0495 2723766, 9447426116 (കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ്)