കുറ്റ്യാടി: പ്രളയത്തിൽ ആംബുലൻസിന് വഴികാട്ടിയായി വാർത്തകളിൽ ഇടംനേടിയ വെങ്കിടേശനെയും കുടുംബത്തെയും സന്ദർശിക്കാൻ എംഐയുപി പിടിഎ സംഘം റായ്ചൂരിലേക്ക് പുറപ്പെട്ടു. നേരത്തെ എംഐയുപിയിൽ വെങ്കടേശന് സ്വീകരണം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട്ടെ സന്നദ്ധ സംഘടനകളായ ഹെൽപ്പിങ് ഹാൻഡ്‌സ് ചാരിറ്റബ്ൾ ട്രസ്റ്റ്, ഫോക്കസ് ഇന്ത്യ എന്നിവയുമായി ചേർന്ന് വെങ്കടേശന് വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപനമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് സംഘം റായ്ചൂർ സന്ദർശിക്കുന്നത്. ശനിയാഴ്ച രാവിലെ പാലക്കാട്ടുനിന്ന് ട്രെയ്ൻ കയറും. ഞായറാഴ്ച രാവിലെ റായ്ചൂരിലെത്തും. ചൊവ്വാഴ്ച പുലർച്ചെ മടങ്ങും.
പിടിഎ പ്രസിഡന്റ് കെ.പി റഷീദ്, വൈസ് പ്രസിഡന്റ് പി.പി പ്രമോദ് കുമാർ, വി.കെ റഫീഖ്, എൻ.പി സൈഫുല്ല, എൻ.പി സക്കീർ എന്നിവരാണ് പിടിഎ സംഘത്തിലുള്ളത്. ഹെൽപ്പിങ് ഹാൻഡ്‌സിനു വേണ്ടി സെക്രട്ടറി എൻ.കെ ഫൈസൽ, ഫോക്കസ് ഇന്ത്യ സിഒഒ ഹിജാസ് കാലിക്കറ്റ്, പിആർ മാനെജർ മജീദ് പുളിക്കൽ എന്നിവരാണ് മറ്റുള്ളവർ.
എംഐയുപി സ്‌കൂളിൽ സംഘത്തിന് യാത്രയയപ്പ് നൽകി. ജമാൽ കുറ്റിയാടി അദ്ധ്യക്ഷനായിരുന്നു. കെ. അൻവർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.സി കുഞ്ഞബ്ദുല്ല, എംപിടിഎ പ്രസിഡന്റ് കെ.കെ അഖില, ബിന്ദു ദാസ്, വി. ബാബു, കെ.വി സഫിയ, എം. ഷഫീഖ്, ഇന്ദുലേഖ, റസീന, ജിൽഷാന കെ. തുടങ്ങിയവർ സംസാരിച്ചു.