അമിതവേഗത നിയന്ത്രിക്കണമെന്ന് നാട്ടുകാർ

ഒരുമാസത്തിനിടെ നഷ്ടപ്പെട്ടത് നാല് ജീവനുകൾ

പേരാമ്പ്ര : കുറ്റിയാടി കോഴിക്കോട് പഴയ സംസ്ഥാന പാതയിൽ ബസപകടങ്ങൾ
തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസം സിഗ്മ കമ്പനിയുടെ രണ്ട് ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിൽ ഒരു ബസ് മറ്റേ ബസിനെ മറികടക്കുന്നതിനിടയിൽ സമീപത്തെ പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറിവന്ന സ്‌കൂട്ടർ യാത്രികൻെറ ജീവനെടുത്തു. ബസ് ഇടിച്ച ശേഷം ബൈക്ക് യാത്രികനെയും കൊണ്ട് അല്പ ദൂരം ഓടിയാണ് ബസ് നിർത്തിയത്. ഇന്നലെ റൂട്ടിലെ അത്തോളിയിൽ മറ്റൊരു സ്വകാര്യ ബസ് വഴിയാത്രികനെ ഇടിച്ച സംഭവമുണ്ടായി . ബസുകളുടെ മത്സ ഓട്ടമാണ് അപകടത്തിന് കാരണമെന്ന് ബസിലുള്ള യാത്രക്കാരും നാട്ടുകാരും പറഞ്ഞു. അപകടമുണ്ടാക്കിയ ബസ് പേരാമ്പ്ര മുതൽ അമിത വേഗതയിലായിരുന്നെന്നും ഇത് കാരണം യാത്രക്കാർ ബഹളമുണ്ടാക്കിയിരുന്നതായും യാത്രക്കാർ പറഞ്ഞു. തുടരെ തുടരെ അപകടം ഉണ്ടാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസുകൾ തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകട പരമ്പരയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കിയതിന് ശേഷം മാത്രമേ ബസുകൾ ഓടാൻ അനുവദിക്കുകയുള്ളൂ എന്നാവശ്യപ്പെട്ടാണ് വാഹനങ്ങൾ തടഞ്ഞത്. പൊലീസ്, മോട്ടോർ വാഹന അധികൃതർ എത്തി നാട്ടുകരുമായി ചർച്ച നടത്തിയാണ് ബസുകൾ ഓടാൻ അനുവദിച്ചത്. ബസുകളുടെ വേഗം നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്നും അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആവശ്യം ശക്തമായി.