തളി സുബ്രഹ്മണ്യസ്വാമി കോവിൽ റോടിനടുത്ത് നവീകരിക്കുന്ന ഓവ് ചാൽ നിലവിലുള്ള വീതി കുറച്ച് നവീകരിക്കുന്നു.

കോഴിക്കോട്: സാമൂതിരിയുടെ കാലത്തോളം പഴക്കമുള്ള പുതിയ കോവിലകം മുതൽ ചാലപ്പുറം ഭാഗത്തേക്ക് ഒഴുകി പോകുന്ന തളിയിലെ ഓവുചാൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങിയപ്പോൾ വീതി കൂടിയ ഓവ് ചാൽ കുപ്പിക്കഴുത്തായി മാറ്റിയെന്ന് പരാതി ഉയർന്നു. വരുന്ന മാർച്ചിന് മുമ്പേ അമൃത പദ്ധതിയിൽ ഉൾപ്പെത്തി പണി തീർക്കാനുള്ള തിരക്കിൽ ഓടകളിൽ സ്ലാബ് വീണ് അടഞ്ഞതിനാൽ ഇക്കഴിഞ്ഞ ദിവസം പാളയത്തെ കടകളിൽ മലിനജലം കയറിയിരുന്നു. പണിയെടുക്കുന്നവർ അന്യനാട്ടിലെ തൊഴിലാളികളായതിനാൽ അവർ ഇക്കാര്യത്തിൽ ബോധവാന്മാരായിരുന്നില്ല. എന്നാൽ കാലപ്പഴക്കമുള്ള മൂന്ന് മീറ്ററിലധികം വീതിയുള്ള ഓവ് ചാൽ സിമന്റിട്ട് ഭിത്തി കെട്ടി സ്ലാബിടുമ്പോൾ 2 മീറ്ററിൽ താഴെയി ഇപ്പോൾ ചുരുങ്ങിയതായി കച്ചവടക്കാർ പറയുന്നു. വീതി കുറയുതോടെ മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും പാളയത്ത് മലിനജലം കയറുകയും ചെയ്യും. മുൻഗാമികൾ വീതി കൂടിയ ഓവ് ചാൽ നിർമ്മിച്ചത് തന്നെ ദീർഘവീക്ഷണത്തോട് കൂടിയാണ്. ഇതാണ് കരാറുകാർ കുപ്പിക്കഴുതാക്കി മാറ്റിയത്. ഒരു മീറ്ററോളം വീതിയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇത് മൂലം തൊട്ടടുത്ത് കൂറ്റൻ കെട്ടിടം പണിയുന്ന ഉടമകൾക്ക് ഗുണകരമാകും. ഇത്രയും നാൾ തുറന്ന് കിടക്കുന്ന ഓവ് ചാൽ സ്ലാബിട്ട് മൂടുതോടെ മഴക്കാലത്ത് അവ അടഞ്ഞ് കിടന്നാൽ പാളയസമയത്ത് വെള്ളക്കെട്ടുമുണ്ടാവും. പ്രത്യേകിച്ച് കുപ്പിക്കഴുത്ത് ആയതിനാലാണെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു.