വടകര: ചോമ്പാല ഉപജില്ലാ പ്രവൃത്തി പരിചയമേളയുടെ നടത്തിപ്പും വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മടപ്പള്ളി ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ഉപജില്ലാ പ്രവൃത്തി പരിചയമേളയിലെ വിവിധ മത്സരങ്ങളുടെ വിധി നിര്‍ണയത്തില്‍ വ്യാപകമായ ആക്ഷേപമാണ് ഉയര്‍ന്നു വരുന്നത്. വിദ്യാര്‍ഥികളുടെ വിവിധങ്ങളായ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട കലോത്സവങ്ങളും പ്രവൃത്തി പരിചയമേളകളും പണക്കൊഴുപ്പിന്റെയും അധികാര ബലത്തിന്റെയും മേളകളായി മാറി വിദ്യാർഥികളെ അവഗണിക്കുന്നതിന്റെ തെളിവാണിത്. ഇത്തരം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കെതിരെ രക്ഷിതാക്കളും പൊതു സമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വിഷയത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണം. പരാതി ഉയര്‍ന്ന മത്സരയിനങ്ങളില്‍ ആവശ്യമായ പരിശോധന നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും മത്സരയിനം മാറ്റി നടത്തുകയും വേണം. വിഷയത്തില്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.