ഫറോക്ക്: റോഡിലോ മറ്റു പൊതുസ്ഥലത്തോ തുപ്പിയാൽ ഇനി കർശനമായും കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ്ജ് പറഞ്ഞു. ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയ റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ ​യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ കാർ നിർത്തി റോഡിൽ മുറുക്കി തുപ്പുന്നത് ശ്രദ്ധയിൽപെട്ടയാളുടെ പേരിൽ പെറ്റി കേസെടുക്കുകയും റോഡിൽ തുപ്പുന്നതിനെതിരെ കേസെടുക്കുമെന്ന് പത്രങ്ങളിൽ അറിയിപ്പ് കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.വ്യക്തി ശുചിത്വം പാലിക്കുന്നതി​ൽ ​ശ്രദ്ധിക്കുന്ന മലയാളി പരിസര ശുചിത്വം കാത്തു സൂക്ഷിക്കുന്നതിൽ പിന്നിലാണെന്നും നാടിന്റെ വികസനം ജനങ്ങളുടെ പ്രതികരണങ്ങളിലൂടെയാണ് ഉണ്ടാവുകയെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. 140 ഓളം ​റസിഡൻസ് അസോസിയേഷനുകൾ ഉള്ള ​ ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയയിൽ മിനിമം രണ്ടു വീതം കാമറകൾ പൊതു സ്ഥലങ്ങളിൽ വെയ്ക്കാൻ നടപടികൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിനെത്തിയ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. എ.റസീന അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മമ്മു വെങ്ങാട്ട് ,എസ്സ്.എച്ച്.ഒ കെ.കൃഷ്‌ണൻ,എസ് ഐ കെ.മുരളീധരൻ,പറമ്പൻ ബഷീർ,കെ.സി രവീന്ദ്രനാഥ്‌,സത്യൻ,പി.സി.അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.