kt-jaleel-

മുക്കം (കോഴിക്കോട്): എം.ജി സർവകലാശാലയിലെ അദാലത്തിൽ മാനുഷിക പരിഗണന ഉറപ്പാക്കിയത് അപരാധമെങ്കിൽ അതിനിയും ആവർത്തിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.

ചട്ടങ്ങളും വകുപ്പുകളുമെല്ലാം മനുഷ്യരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ളതാണ്. മന്ത്രിമാരും പൊതുപ്രവർത്തകരും തങ്ങളുടെ മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾക്ക് മാനുഷിക പരിഗണന നൽകേണ്ടതുണ്ട്.

മുക്കത്ത് ബി.പി. മൊയ്തീൻ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്റി ഇക്കാര്യം പറഞ്ഞത്.

മറ്റെല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് ലഭിച്ചിട്ടും ഒരു പേപ്പറിൽ മാത്രം തോറ്റ വിദ്യാർത്ഥി പുനർമൂല്യനിർണയത്തിലും നീതി കിട്ടാഞ്ഞതിനെ തുടർന്ന് അദാലത്തിൽ പരാതിയുമായി എത്തിയതായിരുന്നു. ഗവ. എൻജിനിയറിംഗ് കോളേജുകളിലെ മൂന്ന് അദ്ധ്യാപകരടങ്ങുന്ന സമിതിയാണ് ഈ പരാതി പരിശോധിച്ച് പരിഹാരം കണ്ടത്. ദേവസ്വം ബോർഡിലെ ഒരു തൂപ്പുകാരന്റെ മകനായ ഈ കുട്ടിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയില്ല എന്നതാണ് ഞാൻ ചെയ്ത കുറ്റം. ഇതൊരു വലിയ അപരാധമാണെങ്കിൽ അതിനിയും ആവർത്തിക്കും. അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയാേ ഭൂമി പിളർന്നു പോവുകയാേ ചെയ്യില്ല.

അച്ഛൻ ഉപേക്ഷിച്ച, താമസിക്കാൻ വീടില്ലാത്ത ഒരു പെൺകുട്ടിക്ക് കോളേജ് മാറാൻ സൗകര്യം ചെയ്തുവെന്നതാണ് മറ്റൊരു അപരാധം. വിജി എന്ന ആ വിദ്യാർത്ഥിനിക്ക് ചേർത്തല എൻ.എസ്.എസ് കോളേജിലാണ് പ്രവേശനം കിട്ടിയത്. അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്ത് ഗവ. കോളേജിൽ ഒഴിവുണ്ട്. കോളേജ് മാറ്റം അനുവദിക്കാൻ ഒരു വർഷം അവിടെ പഠിച്ചിരിക്കണമെന്നതാണ് യൂണിവേഴ്സിറ്റിയുടെ വ്യവസ്ഥ. ഈ കുട്ടിക്ക് തിരുവനന്തപുരം വിമെൻസ് കോളേജിൽ പ്രവേശനം അനുവദിച്ചു. ഇതെല്ലാം തെറ്റാണെങ്കിൽ അതിനിയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.